സൗദി സന്ദര്‍ശക വിസ നിരക്ക് വര്‍ധന; ആശങ്കയോടെ പ്രവാസി കുടുംബങ്ങള്‍

റിയാദ്: വിസ നിരക്കുകള്‍ വര്‍ധിപ്പിച്ച കൂട്ടത്തില്‍ സന്ദര്‍ശക വിസയുടെ നിരക്ക് കുത്തനെ കൂട്ടിയത് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങളുടെ വരവിനെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിരക്കുവര്‍ധന എല്ലാത്തരം സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്ന രീതിയിലാണ് വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയത്. എന്നാല്‍, കുടുംബങ്ങളുടെ സന്ദര്‍ശനത്തെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നില്ല. വ്യാഴാഴ്ച പ്രാദേശിക മാധ്യമങ്ങളില്‍ വന്ന തൊഴില്‍ വകുപ്പിന്‍െറ പ്രസ്താവനയില്‍ ഇത് കുടുംബ സന്ദര്‍ശക വിസകള്‍ക്കും ബാധകമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെയാണ് നിരക്ക് വര്‍ധന സംബന്ധിച്ച് പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ധിച്ചത്. ഒന്നിലധികം തവണ വന്നുപോകാന്‍ സാധിക്കുന്ന സന്ദര്‍ശക വിസക്ക് (മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസ) കാലാവധിക്കനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ആറു മാസത്തെ സന്ദര്‍ശക വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തിന് 5000, രണ്ട് വര്‍ഷത്തേക്ക് 8000 റിയാല്‍ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഈ തീരുമാനം സാധാരണ രീതിയില്‍ വരുന്ന സന്ദര്‍ശക വിസക്കു കൂടി ബാധമാക്കിയാല്‍ ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ വിസക്ക് മാത്രം വന്‍ തുക നല്‍കേണ്ടി വരും. 3000 റിയാല്‍ എന്നാല്‍ നിലവിലെ നിരക്കനുസരിച്ച് ഏകദേശം 52000 രൂപയാണ്. വിമാന ടിക്കറ്റും വിസ സര്‍വിസ് ചാര്‍ജും കൂടി വരുമ്പോള്‍ ഭാര്യയെയും മക്കളെയും കൊണ്ടുവരാന്‍ ലക്ഷങ്ങളാവുമെന്നതിനാല്‍ ചെറിയ വരുമാനക്കാര്‍ക്ക് സന്ദര്‍ശനം വേണ്ടെന്ന് വെക്കേണ്ടി വരും. നിലവില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ടുവരുന്നതിന് വിസ സൗജന്യമാണ്.

ചംബര്‍ ഓഫ് കോമേഴ്സിന്‍െറ മുദ്ര പതിപ്പിക്കുന്നതിന് നല്‍കുന്ന 25 റിയാല്‍ മാത്രമായിരുന്നു വിസക്കുള്ള ചെലവ്. വിസ സ്റ്റാമ്പ് ചെയ്യുന്നതിനും മറ്റുമായി ട്രാവല്‍സുകാര്‍ ഈടാക്കിയിരുന്ന 5000 -5500 രൂപയും വിമാന ടിക്കറ്റുമുണ്ടെങ്കില്‍ ഒരാള്‍ക്ക് വരാമായിരുന്നു. ഇതാണ് കുത്തനെ കൂടാന്‍ പോകുന്നത്. അവധിക്കാലത്ത് നാട്ടിലുള്ള കുടുംബാംഗങ്ങളെ കൂടെ നിര്‍ത്തിയിരുന്ന പ്രവാസികള്‍ക്ക് പുതിയ തീരുമാനം വന്‍ തിരിച്ചടിയാകും. അതേസമയം, നിലവില്‍ കുടുംബാംഗങ്ങള്‍ക്ക് അനുവദിക്കുന്ന സന്ദര്‍ശക വിസ തുടരുമോ എന്നതിനെ കുറിച്ച് അധികൃതര്‍ കൃത്യമായ വിശദീകരണം നല്‍കാത്തതിനാല്‍ ഇപ്പോഴും നേരിയ പ്രതീക്ഷ അവശേഷിക്കുന്നുണ്ട്.

200 റിയാല്‍ ഫീസുണ്ടായിരുന്ന റീ-എന്‍ട്രി നിരക്ക് രണ്ട് മാസത്തെ കാലാവധിക്ക് മാത്രമായി പരിമിതപ്പെടുത്തിയതും പ്രവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയാകും. കുടുംബ വിസയുണ്ടെങ്കിലും ജോലി ആവശ്യാര്‍ഥവും പഠനത്തിനായും മറ്റും നാട്ടില്‍ നില്‍ക്കുന്നവരെയാണിത് ബാധിക്കുക. നിലവില്‍ കുടുംബ വിസയുള്ളവര്‍ക്ക് ആറു മാസം മുതല്‍ ഒമ്പതു മാസം വരെ നാട്ടില്‍ നില്‍ക്കാം. കാലാവധി കഴിയുന്നതിന് മുമ്പ് ഇവിടെ വന്ന് പുതുക്കി വീണ്ടും മടങ്ങിപ്പോകാമായിരുന്നു. 200 റിയാല്‍ മാത്രമായിരുന്നു റീ എന്‍ട്രി ഇനത്തില്‍ നല്‍കേണ്ടി വന്നിരുന്നത്. പുതിയ റീ എന്‍ട്രി നിരക്ക് നാട്ടില്‍ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍ക്കും ബാധകമാക്കിയാല്‍ രണ്ടു മാസം കഴിഞ്ഞുള്ള ഓരോ മാസത്തിനും 100 റിയാല്‍ അധികം നല്‍കേണ്ടി വരും. ഒന്നിലധികം അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് ഇതും വലിയ സാമ്പത്തിക ചെലവുണ്ടാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.