ചീഫ് ജസ്റ്റിസിനെതിരെ അപേക്ഷയുമായി ബി.സി.സി.ഐ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) തങ്ങളുടെ പുനഃപരിശോധനാ ഹരജിക്കൊപ്പം സുപ്രീംകോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കി. ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ തങ്ങള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി പക്ഷപാതപരമായ നിലപാടുള്ള ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ കേള്‍ക്കരുതെന്നാവശ്യപ്പെട്ടാണ് ബി.സി.സി.ഐ പ്രത്യേക അപേക്ഷ നല്‍കിയത്.

ബി.സി.സി.ഐക്ക് മൂക്കുകയറിട്ട സുപ്രീംകോടതി വിധിക്കെതിരെ വിപുലമായ ബെഞ്ചില്‍ പുനഃപരിശോധനാ ഹരജി സമര്‍പ്പിക്കാന്‍ മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് ബോര്‍ഡ് സുപ്രീംകോടതിയിലത്തെിയത്. ഹരജിയോടൊപ്പം സമര്‍പ്പിച്ച അപേക്ഷയില്‍ പതിവിന് വിരുദ്ധമായി തങ്ങളുടെ പുനഃപരിശോധനാ ഹരജി തുറന്നകോടതിയില്‍ പരിഗണിക്കണമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിലുണ്ടാകരുത്. ചീഫ് ജസ്റ്റിസിന് ബി.സി.സി.ഐ കേസില്‍ മുന്‍ധാരണയോടെയുള്ള സമീപനമാണുള്ളതെന്ന് അപേക്ഷയില്‍ ആരോപിച്ചു.

ലോധ കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന സുപ്രീംകോടതി വിധി യുക്തിരഹിതമാണെന്ന് ഹരജിയില്‍ ബി.സി.സി.ഐ ബോധിപ്പിച്ചു. ഒരു സ്വകാര്യ സ്വയംഭരണ ബോര്‍ഡിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുകയാണ് വിധിയിലൂടെ സുപ്രീംകോടതി ചെയ്തത്. നിലവില്‍ പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും ഉണ്ടാക്കിയ നിയമങ്ങള്‍ നിലനില്‍ക്കേയാണിത് ചെയ്തത്.

വിധി ഭരണഘടനാവിരുദ്ധവും സുപ്രീംകോടതി കീഴ്വഴക്കങ്ങള്‍ക്ക് എതിരുമാണ്. ഇത് രാജ്യത്തെ പൗരന്മാര്‍ക്ക് അനുവദിച്ച മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. തമിഴ്നാട് സൊസൈറ്റീസ് ആക്ട് അടിസ്ഥാനമാക്കിയുണ്ടാക്കിയ ബി.സി.സി.ഐ ഭരണഘടനയെ നിര്‍ബന്ധിച്ച് മാറ്റാന്‍ സുപ്രീംകോടതിക്കും ജസ്റ്റിസ് ലോധ കമ്മിറ്റിക്കും കഴിയില്ല. ഗൗരവമേറിയ വിഷയങ്ങളില്‍ പുനഃപരിശോധനാ ഹരജി വിപുലമായ ബെഞ്ച് പരിഗണിച്ചതിന്‍െറ നിരവധി ഉദാഹരണങ്ങളും ബി.സി.സി.ഐയുടെ ഹരജിയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.