മാലേഗാവ്: പൊലീസുകാരുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

മുംബൈ: 2008ലെ മാലേഗാവ് ബോംബ് സ്ഫോടനകേസിലെ ദൃക്സാക്ഷിയുടെ തിരോധാനത്തില്‍ പങ്ക് ആരോപിക്കപ്പെടുന്ന രണ്ട് പൊലീസുകാരുടെ അറസ്റ്റ് മുംബൈ ഹൈകോടതി താല്‍ക്കാലികമായി  തടഞ്ഞു. ഇന്‍സ്പെക്ടറായ രമേശ് മോര്‍, റിട്ട. അസിസ്റ്റന്‍റ് കമീഷണര്‍ രാജേന്ദ്ര ഗുലെ എന്നിവര്‍ക്കെതിരെ മധ്യപ്രദേശിലെ മജിസ്ട്രേറ്റ് കോടതി മേയ് 30ന് ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ മുംബൈ ഹൈകോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കോടതി മൂന്നാഴ്ചക്കകം മധ്യപ്രദേശിലെ കോടതിയില്‍ ഹാജരാവാനും നിര്‍ദേശിച്ചു.
മാലേഗാവ് കേസിലെ ദൃക്സാക്ഷിയും ഇന്ദോര്‍ സ്വദേശിയുമായ ദിലീപ് പട്ടീദാറിന്‍െറ തിരോധാനത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി സി.ബി.ഐ ആരോപിച്ചിരുന്നു.മാലേഗാവ് കേസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത പട്ടീദാറിനെ 2008 നവംബര്‍ 21 മുതലാണ് കാണാതായത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മധ്യപ്രദേശ് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പട്ടീദാര്‍ ഒളിവിലാണെന്ന റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഹൈകോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.