ന്യൂഡല്‍ഹി: ഇസ്ലാമിക പ്രബോധകന്‍ ഡോ. സാകിര്‍ നായികിനെ വേട്ടയാടുന്നതിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തുവന്നു. സാകിര്‍ നായികിന് പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്, മര്‍കസി ജമാഅത്തെ അഹ്ലെ ഹദീസ്, ഓള്‍ ഇന്ത്യാ മില്ലി കൗണ്‍സില്‍ എന്നീ സംഘടനകള്‍ അദ്ദേഹത്തിനെതിരായ പ്രചാരണം ഇന്ത്യന്‍ മുസ്ലിംകളെ മൊത്തമായും തേജോവധം ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന്‍െറ ഭാഗമാണെന്ന് കുറ്റപ്പെടുത്തി. ചില ഫത്വകള്‍ ആയുധമാക്കി തങ്ങള്‍ സാകിര്‍ നായികിനെതിരെയാണെന്ന് വരുത്തിത്തീര്‍ക്കേണ്ടെന്ന് ദയൂബന്ത് ദാറുല്‍ ഉലൂം ഓര്‍മിപ്പിച്ചു.
സാകിര്‍ നായികിനെതിരായ മുഴുവന്‍ പ്രചാരവേലകളും ഇന്ത്യന്‍ ഭരണഘടന നിര്‍വചിച്ച അവകാശങ്ങള്‍ക്കെതിരാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ സെക്രട്ടറി നുസ്റത്ത് അലി വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
ഭരണഘടനാപരമായി മതം അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനെതിരാണിത്. എത്രയും പെട്ടെന്ന് ഇതവസാനിപ്പിക്കണം. മറ്റു മതങ്ങളുടെ നൂറുകണക്കിന് പ്രചാരകരെ പോലെ ഭരണഘടന അനുവദിക്കുന്ന തരത്തില്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനും പ്രചരിപ്പിക്കാനുമാണ് സാകിര്‍ നായിക് ശ്രമിച്ചതെന്നും നുസ്റത്ത് അലി ഓര്‍മിപ്പിച്ചു. ലോകമൊട്ടുക്കും ദശലക്ഷക്കണക്കിനാളുകള്‍ ശ്രവിച്ച സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യേക നിറംനല്‍കുന്നത് രാജ്യത്തെ ജനാധിപത്യചട്ടക്കൂട് തകര്‍ക്കാനാണെന്നും ജമാഅത്ത് സെക്രട്ടറി കുറ്റപ്പെടുത്തി.
ജനങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത ശ്രമമാണ് നായികിനെതിരായ നീക്കത്തിന് പിന്നിലെന്ന് ജംഇയ്യത്ത് അഹ്ലെ ഹദീസ് ഹിന്ദ് ജനറല്‍ സെക്രട്ടറി അസ്ഗര്‍ അലി ഇമാം മെഹ്ദി ചൂണ്ടിക്കാട്ടി. ഡോ. നായികിനോട് വിയോജിപ്പുണ്ടെന്നത് മാധ്യമവിചാരണയില്‍ അദ്ദേഹത്തെ പിന്തുണക്കാതിരിക്കാനാവില്ളെന്ന് അഖിലേന്ത്യാ മില്ലി കൗണ്‍സില്‍ പ്രസിഡന്‍റ് മഹ്മൂദ് ദരിയാബാദി പ്രസ്താവിച്ചു. ഓരോ ഇസ്ലാമിക ചിന്താധാരയെയും തകര്‍ക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങളുടെ ഭാഗമാണ് നായികിനെതിരായ നീക്കമെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ശഹന്‍ഷാ ജഹാംഗീര്‍ കുറ്റപ്പെടുത്തി. മതവിഭാഗങ്ങള്‍ക്കിടയില്‍ അവിശ്വാസം സൃഷ്ടിക്കുകയും ഇന്ത്യന്‍ മുസ്ലിംകള്‍ക്കെതിരെ ഭീതിയും ഭയപ്പാടും സൃഷ്ടിക്കുകയുമാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും മതവിഭാഗങ്ങളെക്കുറിച്ച് ഡോ. നായിക് നടത്തിയ അഭിപ്രായ പ്രകടനത്തെ നിരാകരിച്ച് ദാറുല്‍ ഉലൂം വര്‍ഷങ്ങള്‍ക്ക് മുമ്പിറക്കിയ ഫത്വ അദ്ദേഹത്തിനെതിരായ പ്രചാരണത്തിന് ആയുധമാക്കേണ്ടതില്ളെന്ന് ദയൂബന്ത് വക്താവ് അശ്റഫ് ഉസ്മാനി ഓര്‍മിപ്പിച്ചു. ധാക്കയില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ തങ്ങള്‍ക്ക് പ്രചോദനം മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്)സ്ഥാപകനായ സാകിര്‍ നായിക് ആണെന്ന് വെളിപ്പെടുത്തിയെന്ന് ബംഗ്ളാദേശ് പത്രമായ ‘ദ ഡെയ്ലി സ്റ്റാര്‍’ വാര്‍ത്ത പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങളുടെ തുടക്കം. തുടര്‍ന്ന് സാകിര്‍ നായികിന്‍െറ പ്രഭാഷണങ്ങളും സംവാദങ്ങളും അരിച്ചുപെറുക്കി ബംഗ്ളാദേശും കേന്ദ്ര സര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിടയില്‍ വാര്‍ത്ത പുറത്തുവിട്ട ‘ദ ഡെയ്ലി സ്റ്റാര്‍’ കരണം മറിഞ്ഞു.
സാകിര്‍ നായിക് ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തില്‍ യുവാക്കള്‍ അദ്ദേഹത്തിന്‍െറ കാഴ്ചപ്പാടുകള്‍ വ്യാഖ്യാനിക്കുന്നുവെന്ന് കാണിക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്ന് പത്രം തിരുത്തി പറഞ്ഞു. പത്രം തിരുത്തിയ ശേഷവും നായികിനെക്കുറിച്ച് തങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടരുമെന്ന് വ്യക്തമാക്കിയ ബംഗ്ളാദേശ് അദ്ദേഹത്തിന്‍െറ ‘പീസ് ടി.വി’ക്ക് ബംഗ്ളാദേശില്‍ നിരോധമേര്‍പ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.