കശ്മീര്‍ റിപ്പോര്‍ട്ടിങ്ങിനെച്ചൊല്ലി രാജ്ദീപും അര്‍ണബും കൊമ്പുകോര്‍ക്കുന്നു

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെച്ചൊല്ലി പ്രമുഖ ചാനല്‍ മേധാവികളായ രാജ്ദീപ് സര്‍ദേശായിയും അര്‍ണബ് ഗോസ്വാമിയും തമ്മില്‍ കൊമ്പുകോര്‍ക്കല്‍. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍  ബുര്‍ഹാന്‍ വാനിയുടെ കൊലയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെ വിമര്‍ശിച്ച് ഇന്ത്യാ ടുഡേ ടി.വി മേധാവി രാജ്ദീപ്  ബ്ളോഗ് എഴുതിയിരുന്നു. 1983ലെ ഫോക്ലന്‍ഡ് യുദ്ധം ബി.ബി.സി റിപ്പോര്‍ട്ട്ചെയ്തത് ഓര്‍മപ്പെടുത്തിയാണ് ബ്ളോഗ് പുതിയ സംഭവത്തെ സമീപിക്കുന്നത്. ഫോക്ലന്‍ഡ് യുദ്ധം ബ്രിട്ടീഷ് പട്ടാളത്തിന് അനുകൂലമായി റിപ്പോര്‍ട്ട് ചെയ്യാഞ്ഞതിനെ അന്നത്തെ യു.കെ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍, സത്യത്തോടാണ് തങ്ങള്‍ക്ക് ആദ്യ പ്രതിബദ്ധത എന്നായിരുന്നു ബി.ബി.സി ഡയറക്ടര്‍ ജനറല്‍ ജോണ്‍ ബ്രിട്ട് നല്‍കിയ മറുപടി.
കശ്മീര്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ചിലര്‍ അതിവൈകാരികതയും തീവ്രദേശീയബോധവും കത്തിച്ചുനിര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, താന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണെന്നും ജനപക്ഷത്തുനിന്നുള്ള യാഥാര്‍ഥ്യങ്ങളെ റിപ്പോര്‍ട്ട് ചെയ്യലാണ് തന്‍െറ ജോലിയെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കപട ലിബറലുകളെ വിമര്‍ശിച്ച് അര്‍ണബ് രംഗത്തത്തെിയത്. ജേണലിസ്റ്റുകള്‍ എന്നവകാശപ്പെടുന്ന ചിലര്‍  ഭീകരതയെ കാല്‍പനീകരിക്കുകയാണെന്ന് അര്‍ണബ് കുറ്റപ്പെടുത്തി. രാജ്യം സംരക്ഷിക്കുന്ന സൈന്യത്തെ സംബന്ധിക്കുന്ന വിഷയത്തില്‍ ആശയക്കുഴപ്പത്തിന് ഇടമില്ളെന്നും ബുര്‍ഹാന്‍ വാനി ഭീകരന്‍തന്നെ ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.