ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മറ്റ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈകോടതി ആരോപണം രേഖപ്പെടുത്തിത്തുടങ്ങി. ജെയ്റ്റ്ലിക്ക് മാനഹാനി വരുത്തിയെന്ന ആരോപണം കെജ്രിവാളും മറ്റ് ആപ് നേതാക്കളും നിഷേധിച്ചു. അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ജോയന്‍റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയ കോടതി, വിഷയം പരിഗണിക്കുന്നത് സെപ്റ്റംബര്‍ 27ലേക്ക് മാറ്റി. കെജ്രിവാളിനു പുറമെ രാഘവ് ചദ്ദ, കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്പേയ് എന്നിവര്‍ക്കെതിരെയാണ് കേസ്.
വാദംകേള്‍ക്കുന്നതിനിടെ പരാതിക്ക് കോടതി പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ആരോപിതര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്.എസ്. ഫുല്‍ക്ക ആരോപിച്ചു. ഇതിനെ എതിര്‍ത്ത ജസ്റ്റിസ് രാജീവ് സഹായി, ഇത്തരം വാദങ്ങള്‍ അപലപനീയമാണെന്ന് പറഞ്ഞു. കോടതിനടപടി എപ്രകാരമാണ് മുന്നോട്ടുപോകുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്നും നിര്‍ദേശിച്ചു. ആരോപണങ്ങള്‍ നടത്തിയെന്ന് നേരത്തേ രേഖാമൂലം സമ്മതിച്ചതിന് വിരുദ്ധമാണ് കുറ്റാരോപിതരായ ആപ് നേതാക്കളുടെ നിലപാടെന്ന് ജെയ്റ്റ്ലിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സന്ദീപ് സത്തേി, പ്രതിഭ എം. സിങ്, രാജീവ് നയ്യാര്‍ എന്നിവര്‍ ബോധിപ്പിച്ചു.
കേസ് നടപടി എളുപ്പത്തിലാക്കാന്‍ ലോക്കല്‍ കമീഷനെ നിയോഗിക്കണമെന്ന ആവശ്യത്തെ ആപ് നേതാക്കള്‍ എതിര്‍ത്തു. ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ ക്രമക്കേടുകളുമായി ബന്ധപ്പെടുത്തി വാര്‍ത്താസമ്മേളനം വിളിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അരുണ്‍ ജെയ്റ്റ്ലി കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.