റെയിൽവേക്ക് ഇനി പ്രത്യേകം ബജറ്റ് വേണ്ടെന്ന് സുരേഷ് പ്രഭു

ന്യൂഡല്‍ഹി: റെയില്‍വേക്ക് മാത്രമായുള്ള പ്രത്യേക ബജറ്റ് ഒഴിവാക്കണമെന്ന് കേന്ദ്രറെയില്‍ മന്ത്രി സുരേഷ് പ്രഭു. ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് അയച്ച കത്തിലാണ് മന്ത്രി തന്‍റെ നിർദേശം അറിയിച്ചത്. റെയിൽവേ ബജറ്റ് പൊതുബജറ്റില്‍ ചേര്‍ത്താല്‍ മതിയെന്നാണ് പ്രഭു വ്യക്തമാക്കിയിരിക്കുന്നത്.

നീതി ആയോഗ് അംഗം ബിബേക് ദെബ്രോയിയാണ് റെയില്‍വേ ബജറ്റ് പൊതുബജറ്റിന്‍റെ ഭാഗമാക്കിയാല്‍ മതിയെന്ന ശിപാര്‍ശ നല്‍കിയത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ധനകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. പ്രഭു നൽകിയ കത്തിന് ധനകാര്യമന്ത്രാലയം മറുപടി നൽകിയിട്ടില്ല. നിർദേശം നടപ്പായാൽ അടുത്ത സാമ്പത്തിക വർഷം മുതൽ റെയിൽവേക്ക് മാത്രമായി പ്രത്യേക ബജറ്റ് ഉണ്ടാകില്ല.

1924-25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. സാമ്പത്തിക നഷ്ടമാണ് റെയില്‍വെക്ക് മാത്രമായി പ്രത്യേക ബജറ്റ് ആവശ്യമില്ല എന്ന നിഗമനത്തിലെത്താൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി തുടര്‍ന്നാല്‍ ഭാവിയില്‍ ശമ്പളമോ പെന്‍ഷനോ പോലും നല്‍കാന്‍ കഴിയാതെ വരുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. അതുകൊണ്ട് തന്നെ തൊഴിലാളി യൂണിയനുകളും ഈ നിലപാടിന് അനുകൂലമാണ്.റെയില്‍വേ ബജറ്റ് നിര്‍ത്തലാക്കിയാല്‍ രാജ്യത്ത് 92 വര്‍ഷമായി തുടരുന്ന പതിവിനാണ് അന്ത്യമാകുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.