അരുണാചൽ പ്രദേശ്​; വിഷയം പാര്‍ലമെന്‍റിലേക്ക്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ കേന്ദ്രസര്‍ക്കാറിന്‍െറ അട്ടിമറി ശ്രമങ്ങള്‍ക്ക് കൂട്ടുനിന്ന് പ്രവര്‍ത്തിച്ച ഗവര്‍ണര്‍ ജ്യോതിപ്രസാദ് രാജ്കോവ രാജിവെക്കുകയോ, അദ്ദേഹത്തെ പുറത്താക്കുകയോ വേണമെന്ന് കോണ്‍ഗ്രസ്. അതേസമയം, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ കേന്ദ്രാധികാരത്തിന്‍െറ തണലില്‍ കുതിരക്കച്ചവടത്തിലൂടെ മറിച്ചിടാന്‍ ശ്രമിക്കുന്ന സര്‍ക്കാറിന് താക്കീത് നല്‍കിയ പ്രതിപക്ഷ പാര്‍ട്ടികള്‍, വിഷയം വര്‍ഷകാല പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ്.

കോണ്‍ഗ്രസിനൊപ്പം സി.പി.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. സുപ്രീംകോടതിയില്‍നിന്ന് തിരിച്ചടികിട്ടിയ ബി.ജെ.പി ഇനിയെങ്കിലും അധികാര ദുര്‍വിനിയോഗത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുക്കുന്നതാണ് സുപ്രീംകോടതി വിധിയെന്നാണ് പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കേന്ദ്രഭരണം സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പിക്കുന്ന പ്രവണത അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാറിനോട് സി.പി.എം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്‍െറ രാഷ്ട്രീയ ധാര്‍മികതയും പ്രതിബദ്ധതയും ചോദ്യം ചെയ്യുന്നതാണ് സുപ്രീംകോടതി വിധിയെന്ന് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഭരണഘടനാവിരുദ്ധമായ തീരുമാനമെടുത്തവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും സി.പി.എം ഉന്നയിച്ചു. സ്വേച്ഛാപരമായ പ്രവണതകള്‍ക്കേറ്റ കനത്ത പ്രഹരമാണിതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം വിഷയം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തെങ്കിലും സുപ്രീംകോടതി വിധിക്ക് ആധാരമായ പോരായ്മകളെക്കുറിച്ച് ഘടനാപരമായ പരിശോധന നടത്തുമെന്നുമാത്രമാണ് യോഗത്തിനുശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞത്. കോണ്‍ഗ്രസിലെ ഉള്‍പ്പോരുകൊണ്ടാണ് അരുണാചലില്‍ പ്രതിസന്ധി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭാ യോഗത്തിനുശേഷം വൈകീട്ട് മുതിര്‍ന്ന മന്ത്രിമാര്‍ വീണ്ടും യോഗം ചേരുകയുണ്ടായി.

ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കേന്ദ്രസര്‍ക്കാറിന് തിരിച്ചടിയേല്‍ക്കാന്‍ ഇടയായ സാഹചര്യം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പാര്‍ലമെന്‍റില്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കോടതിയില്‍ ഹാജരാക്കിയ വിവാദ സംഭാഷണത്തിന്‍െറ ടേപ്, പ്രധാനമന്ത്രിക്കുനേരെ സംശയമുയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
എതിര്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുതലാക്കിയും വിമതരെ പാട്ടിലാക്കിയും മന്ത്രിസഭ മറിച്ചിടാന്‍ കരുനീക്കം നടത്തുന്നതാണ് ബി.ജെ.പിയുടെ രീതി. ഇതിന് ഗവര്‍ണറെ സമീപിക്കുന്നു; സ്വാധീനിക്കുന്നു.

തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇതിന് പാര്‍ലമെന്‍റിന്‍െറ അംഗീകാരം നേടാന്‍ സര്‍ക്കാറിന് കഴിയില്ല. പക്ഷേ, അതിനുമുമ്പ് വിമതരുടെ ബദല്‍ മന്ത്രിസഭ ഉണ്ടാക്കുന്നു. ഈ തന്ത്രമാണ് സുപ്രീംകോടതി രണ്ടാം തവണയും പൊളിച്ചതെന്ന് കപില്‍ സിബല്‍ പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.