ന്യൂഡല്‍ഹി: വിഴിഞ്ഞം പദ്ധതിക്ക് ഭീഷണിയാകുന്ന തമിഴ്നാടിന്‍െറ കുളച്ചല്‍ തുറമുഖത്തോടുള്ള  എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കും. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി  സംസ്ഥാനത്തെ പൊതുവികസന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍നിന്നുള്ള എം.പിമാരുടെ യോഗം  ഞായറാഴ്ച ഡല്‍ഹിയില്‍ ചേരുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍െറ സാന്നിധ്യത്തിലുള്ള യോഗത്തിലെ മുഖ്യ ചര്‍ച്ചകളിലൊന്ന് കുളച്ചല്‍ പദ്ധതിയാണ്.  വിഴിഞ്ഞം പദ്ധതി മേഖലയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെ പുതിയ പദ്ധതി വരുന്നത് ഇരു തുറമുഖങ്ങള്‍ക്കും ഗുണംചെയ്യില്ളെന്ന വസ്തുതയില്‍ ഊന്നി വിഷയം കേരള എം.പിമാര്‍ ഒറ്റക്കെട്ടായി പാര്‍ലമെന്‍റില്‍ ഉന്നയിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
കുളച്ചല്‍ വിഷയം ഉന്നയിച്ചാല്‍ തമിഴ് എം.പിമാരുടെ ശക്തമായ തിരിച്ചടിയും ബഹളവും ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍, ഇക്കാര്യത്തില്‍ നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൂടാതെ കേരളത്തിന്‍െറ വാദം കേന്ദ്രത്തെ ബോധ്യപ്പെടുത്താനുള്ള തന്ത്രമാകും എം.പിമാരുടെ യോഗത്തില്‍ ചര്‍ച്ചചെയ്യുക.  
പാര്‍ലമെന്‍റിന് പുറത്തും കേരളത്തിന്‍െറ എതിര്‍പ്പ് ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിമാരുടെ യോഗത്തിനത്തെിയ പിണറായി വിജയന്‍, പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്.
കേരളത്തിന്‍െറ സ്വപ്നപദ്ധതി വിഴിഞ്ഞം തുറമുഖം തകര്‍ക്കുന്ന തരത്തില്‍ കുളച്ചല്‍ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകരുതെന്ന ആവശ്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കും.  എം.പിമാരുടെ യോഗത്തിനും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുമായി തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഡല്‍ഹിയിലത്തെിയിട്ടുണ്ട്.  
 അതേസമയം, കുളച്ചല്‍ തുറമുഖവുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഏറ്റുമുട്ടലിനില്ളെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കുളച്ചല്‍ പദ്ധതിയോടുള്ള കേരളത്തിന്‍െറ എതിര്‍പ്പ്  തീര്‍ത്തും ന്യായമാണ്.  30 കീ.മീ മാത്രം അകലത്തില്‍ രണ്ടു തുറമുഖം വരുന്നത് ലാഭകരമാകില്ല. രണ്ടിന്‍െറയും നാശത്തിലേക്കാണ് അത് വഴിതെളിക്കുക.  
വല്ലാര്‍പാടത്തുനിന്ന് 250 കി.മീ  അകലെയാണെന്ന് ചൂണ്ടിക്കാട്ടി വിഴിഞ്ഞത്തിന് തുടക്കത്തില്‍ അനുമതി നിഷേധിച്ച കേന്ദ്രം ഇപ്പോള്‍ കുളച്ചലിനുവേണ്ടി വ്യവസ്ഥകള്‍ ഇളവുചെയ്യുന്നത് ശരിയല്ല.  25,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുതിയ തുറമുഖം കേന്ദ്രത്തിന് അധിക സാമ്പത്തിക ബാധ്യതയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.