ശ്രീനഗര്‍: ഹിസ്ബ് നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ കശ്മീരില്‍ അയവില്ലാതെ തുടരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ഫ്യു തുടരുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും പത്രവിതരണം തടസ്സപ്പെട്ടു.
പുല്‍വാമയില്‍നിന്നുള്ള ഭരണകക്ഷിയിലെ പി.ഡി.പി എം.എല്‍.എ മുഹമ്മദ് ഖലീല്‍ ബന്ദിന് പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റു. രാത്രി 11മണിയോടെ ശ്രീനഗറിലേക്ക് പോകുമ്പോള്‍ എം.എല്‍.എ സഞ്ചരിച്ച വാഹനത്തിനുനേരെ പുല്‍വാമയിലെ പ്രെച്ചുവില്‍വെച്ച് കല്ളേറുണ്ടാവുകയായിരുന്നു. ഇതേ തുടര്‍ന്ന് നിയന്ത്രണം തെറ്റിയ വാഹനം കീഴ്മേല്‍ മറിഞ്ഞാണ് എം.എല്‍.എക്ക് പരിക്കേറ്റത്. ഡ്രൈവര്‍ക്കും സുരക്ഷാ സൈനികനും പരിക്കുണ്ട്. എം.എല്‍.എയെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി മെഹബൂബ മുഫ്തി അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
അതിനിടെ സൈന്യത്തിന്‍െറ വെടിവെപ്പില്‍ വനിതയടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ബന്ദിപ്പോറയിലും മറ്റ് ചില സ്ഥലങ്ങളിലും സംഘര്‍ഷസ്ഥിതി നിലനില്‍ക്കുന്നതിനാലാണ് കര്‍ഫ്യു പിന്‍വലിക്കാത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, താഴ്വരയിലെ മറ്റ് ചില ഭാഗങ്ങള്‍ സമാധാനാന്തരീക്ഷത്തിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. കര്‍ഫ്യുവിനെ തുടര്‍ന്ന് പൊലീസും അര്‍ധ സൈനിക വിഭാഗങ്ങളും താഴ്വരയില്‍ പട്രോളിങ് ശക്തമാക്കി. എട്ടുദിവസമായി ബി.എസ്.എന്‍.എല്‍ ഫോണ്‍ മാത്രമാണ് ലഭ്യം.
മൊബൈല്‍-ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ബന്ധവും പൂര്‍ണമായി നിലച്ചിരിക്കുകയാണ്. സ്കൂളും കോളജും ഇന്ന് തുറക്കേണ്ടതാണെങ്കിലും ക്രമസമാധാനനില പൂര്‍ണ നിയന്ത്രണത്തിലല്ലാത്തതിനാല്‍ അവധി ഒരാഴ്ചകൂടി നീട്ടി. ഈ മാസം എട്ടിനാണ് ബുര്‍ഹാന്‍ വാനി സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരനടക്കം 47 പേരാണ് താഴ്വരയില്‍ വിവിധ സ്ഥലങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടത്. 1500 സൈനികരടക്കം 3200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ, വിഘടനവാദ ഗ്രൂപ്പുകളുടെ തുടര്‍ച്ചയായ ബന്ദ് ആഹ്വാനവും ജനജീവിതത്തെ ബാധിച്ചു.
തുടര്‍ച്ചയായി നാലാം ദിവസവും പത്രങ്ങളില്ലാതെ
സര്‍ക്കാര്‍ നിയന്ത്രണം മൂലം ഇംഗ്ളീഷ്, ഉര്‍ദു, കശ്മീരി പത്രങ്ങളൊന്നും അച്ചടിക്കേണ്ടെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. കശ്മീരിലെ കലാപാന്തരീക്ഷം അമര്‍ച്ചചെയ്യുന്നതിന്‍െറ ഭാഗമായി പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ മൂക്കുകയര്‍. കശ്മീരിലെ കര്‍ഫ്യു നിലവിലുള്ള സ്ഥലങ്ങളിലൊന്നും തുടര്‍ച്ചയായി നാലാം ദിവസവും വര്‍ത്തമാനപത്രങ്ങള്‍ വായനക്കാരിലത്തെിയില്ല. വെള്ളിയാഴ്ച മുതല്‍ സര്‍ക്കാര്‍ നിയന്ത്രണം മൂലം ഇംഗ്ളീഷ്, ഉര്‍ദു, കശ്മീരി പത്രങ്ങളൊന്നും അച്ചടിക്കേണ്ടെന്ന് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു. നഗരപ്രാന്തത്തിലെ രന്‍ഗ്രേത്ത് വ്യവസായ എസ്റ്റേറ്റിലുള്ള രണ്ട് അച്ചടിശാലയില്‍നിന്ന് പൊലീസ്, പത്രങ്ങളും പ്ളേറ്റുകളും പിടിച്ചെടുത്ത് ഓഫിസ് സീല്‍ ചെയ്തിരുന്നു. വാര്‍ത്ത നല്‍കരുതെന്ന് സര്‍ക്കാറിന്‍െറ കര്‍ശന നിര്‍ദേശമുള്ളതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിയെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സികളും അറിയിച്ചു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പത്രാധിപന്‍മാരും അച്ചടി മാധ്യമ ഉടമകളും പ്രസ് കോളനിയില്‍ യോഗം ചേര്‍ന്ന് സഥിതി വിലയിരുത്തി. പത്രസ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ നടപടിയെ യോഗം ശക്തമായി അപലപിച്ചു. താഴ്വരയില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലക്കാണ് കര്‍ഫ്യൂവിനൊപ്പം പത്രങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടത്തിയതെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചതായി യോഗശേഷം മാധ്യമ ഉടമകള്‍ പറഞ്ഞു.
വാര്‍ത്ത അറിയാന്‍ കഴിയാത്തത് ജനങ്ങളില്‍ പൊതുവെ അസംതൃപ്തി സൃഷ്ടിച്ചതായാണ് വിലയിരുത്തല്‍. ഫ്രാന്‍സിലും തുര്‍ക്കിയിലും എന്ത് നടന്നുവെന്ന് അറിയാന്‍ കഴിയുന്നു. എന്നാല്‍, സ്വന്തം നാട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിയുന്നില്ളെന്ന് ബാരാമുല്ലയിലെ ഗവണ്‍മെന്‍റ് കോളജില്‍ കമ്പ്യൂട്ടന്‍ സയന്‍സ് അധ്യാപകനായ നിസാര്‍ ഇഖ്ബാല്‍ പറഞ്ഞു. ടി.വിയില്‍ വരുന്നത് വെറും നാടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്ന സര്‍ക്കാര്‍ നടപടിയെ എഡിറ്റേഴ്സ് ഗില്‍ഡും അപലപിച്ചു. കശ്മീര്‍ താഴ്വരയെ താന്‍ ഇതുവരെ ഇങ്ങനെ കണ്ടിട്ടില്ളെന്നും ഇന്നത്തെ കാലത്ത് വാര്‍ത്താമാധ്യമങ്ങളും ഇല്ലാതാകുന്നത് അചിന്തനീയമാണെന്നും കശ്മീര്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥിയായ മിര്‍ ജലാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.