മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തിയ ബി.ജെ.പി നേതാവിനെ പുറത്താക്കി

ലക്നൗ :അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തുന്നു. രാഷ്ട്രീയ എതിരാളിയായ മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ച ബി.ജെ.പി നേതാവ് ശങ്കർ സിങ്ങിനെ പുറത്താക്കി. ഇദ്ദേഹത്തിൻെറ അഭിപ്രായം പാർട്ടിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹത്തെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യുന്നതായും ഉത്തർപ്രദേശ് ബിജെ.പി അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യ അറിയിച്ചു.

ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കർ സിങ് തനിക്ക് ലഭിച്ച സ്വീകരണ പരിപാടിക്കിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. 'മായാവതി ടിക്കറ്റ് വിൽക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർ ഒരു കോടിയുമായി ചൊല്ലുന്ന ആർക്കും ടിക്കറ്റ് നൽകുന്നു. രണ്ട് കോടിയുമായി വന്നാൽ മായാവതി അവർക്കും ടിക്കറ്റ് നൽകുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കിൽ മുമ്പത്തെ സ്ഥാനാർഥികൾക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാൾ അധ:പതിച്ചിരിക്കുന്നു'- ഇതായിരുന്നു ബി.ജെ.പി നേതാവിൻെറ പ്രസംഗം.

സംസ്ഥാനത്ത് തങ്ങളുടെ പാർട്ടിയുടെ വളർച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. ശങ്കർ സിങിനെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ ജനം തെരുവിലിറങ്ങി അക്രമാസക്തമായാൽ അവരെ നിയന്ത്രിക്കാൻ തനിക്ക് കഴിയില്ലെന്നും മായാവതി പിന്നീട് രാജ്യസഭയിലും പറഞ്ഞു. മായാവതിക്കെതിരെ ബി.ജെ.പി അംഗം അവഹേളന പ്രസ്താവന നടത്തിയത് വ്യക്തിപരമായി വേദന ഉളവാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി രാജ്യസഭയിൽ പ്രതികരിച്ചു. വിഷയം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡൻറ് തികച്ചും വ്യക്തിപരമായ തലത്തിൽ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം  പ്രസ്താവനകൾ പാർട്ടിക്ക് നല്ലതല്ലെന്നും യു.പിയിലെ ബി.ജെ.പി വക്താവ്  ഐ.പി സിങ് പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് ശങ്കർ സിങ്  പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.