വിവാദം മറന്നേക്കൂ, 500 ക്ഷേത്രങ്ങളുടെ അധിപന്‍ ഇബ്രാഹീംതന്നെ

മംഗളൂരു: ജില്ലയിലെ 500 ഹൈന്ദവക്ഷേത്രങ്ങളുടെ അധിപന്‍ ഡെപ്യൂട്ടി കമീഷണര്‍ എ.ബി. ഇബ്രാഹീംതന്നെ. അഹിന്ദുവായതിനാല്‍ ഈ മലയാളി ഐ.എ.എസ് ഓഫിസര്‍ക്ക് ക്ഷേത്രഭരണ അധികാരം അന്യമാവുന്നില്ളെന്ന് ജില്ലയിലെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനം അവലോകനംചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷനായി ഇബ്രാഹീം സാക്ഷ്യപ്പെടുത്തി.
പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രോത്സവ പരിപാടിയില്‍നിന്ന് പ്രക്ഷോഭങ്ങളിലൂടെയും നിയമവഴിയിലൂടെയും ഇദ്ദേഹത്തെ പുറത്താക്കിയ സംഭവത്തിനുശേഷം ചേര്‍ന്ന ആദ്യ യോഗമാണിത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കോണ്‍ഗ്രസുകാരിയായ പുത്തൂര്‍ എം.എല്‍.എ ശകുന്തള ഷെട്ടി ഇബ്രാഹീമിനെതിരെ തിരിഞ്ഞത്. ഏപ്രില്‍ 10 മുതല്‍ ഏഴുദിവസത്തെ ക്ഷേത്രോത്സവ പരിപാടിയില്‍നിന്ന് ഡെപ്യൂട്ടി കമീഷണറെ ഒഴിവാക്കണമെന്നും നോട്ടീസ് മാറ്റി അച്ചടിക്കാന്‍ ക്ഷേത്രത്തിന് ഫണ്ടില്ളെങ്കില്‍ താന്‍ നല്‍കാമെന്നും പ്രഖ്യാപിച്ച് ശകുന്തള രംഗത്തുവരുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസില്‍ ചേക്കേറിയ ഇവര്‍ വിശ്വാസികളുടെ ധാര്‍മികപിന്തുണ നേടാന്‍ നടത്തുന്ന കരുനീക്കം തിരിച്ചറിഞ്ഞ സംഘ്പരിവാര്‍ പ്രശ്നം ഏറ്റെടുത്ത് പ്രക്ഷോഭം ശക്തമാക്കി. സംസ്ഥാനത്ത് നിലവിലുള്ള ഹിന്ദുമത സ്ഥാപന ധര്‍മപരിപാലന നിയമത്തിന്‍െറ ലംഘനമാണ് ഇബ്രാഹീമിന്‍െറ നടപടിയെന്നായിരുന്നു ശകുന്തളയുടെയും വാദം. തെരുവില്‍ പ്രക്ഷോഭം അഴിച്ചുവിട്ട സംഘ്പരിവാര്‍ ഹൈകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇബ്രാഹീമിനെ ന്യായീകരിക്കുകയാണ് ചെയ്തത്. പാര്‍ലമെന്‍ററികാര്യ മന്ത്രി, ഇബ്രാഹീമിനെ പിന്തുണച്ച് മാര്‍ച്ച് 17ന് പ്രസ്താവനയും ഇറക്കിയിരുന്നു.
25 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള 40 എ ക്ളാസ്, അഞ്ചിനും 25നുമിടയില്‍ ലക്ഷം രൂപ വരുമാനമുള്ള 25 ബി ക്ളാസ്, അഞ്ചു ലക്ഷത്തില്‍ താഴെ വരുമാനമുള്ള 435 സി ക്ളാസ് എന്നിങ്ങനെ 500 ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. കവര്‍ച്ച വര്‍ധിക്കുന്ന സാഹചര്യത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്ന നടപടി ത്വരിതപ്പെടുത്തണമെന്ന് അവലോകനയോഗം നിര്‍ദേശിച്ചു. എ വിഭാഗത്തില്‍ മൂന്നും ബി വിഭാഗത്തില്‍ 15ഉം ക്ഷേത്രങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ ബാക്കിയാണ്.
ക്ഷേത്രങ്ങളില്‍ വൈദ്യുതി പോയാലും പ്രവര്‍ത്തിക്കുന്ന അലാറം സ്ഥാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസ് നിര്‍ദേശിച്ചു. വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷമാണ് കവര്‍ച്ച നടക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ജില്ലയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ 81 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചതായി എക്സിക്യൂട്ടിവ് ഓഫിസര്‍ രവീന്ദ്ര അറിയിച്ചു.16 എണ്ണംകൂടി സ്ഥാപിക്കും. പുത്തൂര്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ 14 എണ്ണം സ്ഥാപിച്ചതായും യോഗത്തില്‍ വെളിപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.