ഗുജറാത്തിലെ ദലിത് പീഡനം: മോദിയുടെ മൗനം ചോദ്യംചെയ്ത് മായാവതി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഗോ രക്ഷാസേന ദലിത് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പ്രധാനമന്ത്രിയുടെ മൗനം ദലിത് പ്രശ്നങ്ങളില്‍ ബി.ജെ.പിക്ക് അത്രയേ താല്‍പര്യമുള്ളൂവെന്നതിന്‍െറ തെളിവാണെന്ന് ബി.എസ്.പി നേതാവ് മയാവതി. പാര്‍ലമെന്‍റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഉന സംഭവത്തെക്കുറിച്ച് മോദി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അവര്‍ക്ക് അതില്‍ വലിയ കാര്യമില്ളെന്നാണ് അത് വ്യക്തമാക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്താകമാനം ദലിതുകള്‍ക്കെതിരെ അക്രമം വര്‍ധിച്ചിരിക്കുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദലിതുകള്‍ ഭയപ്പാടിലാണ്. ബി.ജെ.പിയുടെ ദലിത് വിരുദ്ധ നിലപാടാണ് അതിന് കാരണം. പ്രധാനമന്ത്രിയെന്ന നിലക്ക് എല്ലാവരുടെയും പ്രശ്നത്തില്‍ ഇടപെടാന്‍ മോദിക്ക് ബാധ്യതയുണ്ട്. ബി.ജെ.പി മുഖ്യമന്ത്രിമാരോട് ദലിത് പീഡനം തടയാന്‍ നിര്‍ദേശിക്കാനുള്ള ബാധ്യത മോദി നിറവേറ്റണമെന്നും മായാവതി പറഞ്ഞു.

ദലിത് പീഡനം തിങ്കളാഴ്ചയും ലോക്സഭയില്‍ ചര്‍ച്ചയായി. ബിഹാറിലെ മുസഫര്‍പുരില്‍ ദലിതുകളെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ച സംഭവം ഉയര്‍ത്തി എല്‍.ജെ.പി ചിരാഗ് പാസ്വാനാണ് വിഷയം ഉന്നയിച്ചത്. ഗുജറാത്തിലെ ദലിത് പീഡനം ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ആയുധമാക്കിയതിനുള്ള തിരിച്ചടിയെന്ന നിലക്കാണ് നിതീഷ് കുമാറിന്‍െറ ബിഹാറിലെ പീഡനം ചിരാഗ് പാസ്വാന്‍ ഉന്നയിച്ചത്. ഇതോടെ, ഭരണ-പ്രതിപക്ഷ ബെഞ്ചില്‍നിന്ന് നിരവധി പേര്‍ അതത് സംസ്ഥാനങ്ങളിലെ ദലിത് പീഡന വിഷയം ഉന്നയിച്ച് രംഗത്തുവന്നു. തലശ്ശേരിയില്‍ ദലിത് യുവതികള്‍ക്ക് നേരെ സി.പി.എമ്മുകാര്‍ നടത്തിയ അതിക്രമം മുല്ലപ്പള്ളി രാമചന്ദ്രന്‍ സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.