ന്യൂഡല്‍ഹി: ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘സിന്‍ഹുവ’യുടെ ഡല്‍ഹിയിലെയും മുംബൈയിലെയും മൂന്നു പത്രപ്രവര്‍ത്തകരുടെ വിസ കാലാവധി നീട്ടാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ ഒരാഴ്ചക്കകം ഇവര്‍ക്ക് ഇന്ത്യ വിടേണ്ടി വരും. വിസ പുതുക്കാന്‍ തയാറാകാത്തതിന്‍െറ കാരണം ഒൗദ്യോഗികമായി വിശദീകരിച്ചിട്ടില്ല. എന്നാല്‍, പത്രപ്രവര്‍ത്തകര്‍ എന്നതിലുപരി, ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് വിലയിരുത്തല്‍.
ഇന്ത്യ-ചൈന ഉരസലിന് ആക്കം പകരുന്നതാണ് തീരുമാനം.
ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയില്‍ അംഗത്വം ഇന്ത്യക്ക് കിട്ടാതെ പോയത് പ്രധാനമായും ചൈനയുടെ നിലപാട് മൂലമായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നീരസമാണ് വിസ പുതുക്കാത്തതിന് പിന്നിലെന്ന സംശയവും അവര്‍ക്കുണ്ട്. എന്‍.എസ്.ജിയുമായി ബന്ധപ്പെട്ടതാണ് ഇന്ത്യയുടെ തീരുമാനമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന നടത്തുന്ന ഗ്ളോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ മുന്നറിയിപ്പു നല്‍കി.
വിദേശ പത്രപ്രവര്‍ത്തകരെ പുറത്താക്കുന്നതിനു മുമ്പത്തെ നടപടിയാണ് വിസ പുതുക്കാതിരിക്കല്‍. ഡല്‍ഹി ബ്യൂറോ ചീഫ് വു കിയാങ്, മുംബൈയില്‍ റിപ്പോര്‍ട്ടര്‍മാരായ ഷീ യോങ്ഗാങ്, വനിതാ പത്രപ്രവര്‍ത്തക ലു താങ് എന്നിവര്‍ക്കാണ് വിസ നിഷേധിച്ചത്. ഇതില്‍ ഒരാള്‍ ഏഴു വര്‍ഷമായി ഇന്ത്യയില്‍ ജോലി ചെയ്യുന്നയാളാണ്. വിസ പലവട്ടം പുതുക്കി ലഭിച്ചവരുമാണ്. വിസ പുതുക്കി നല്‍കാത്ത മൂന്നു പേര്‍ക്കു പകരമായി മറ്റു മൂന്നു പേര്‍ക്ക് വിസ നല്‍കുന്നതിന് കേന്ദ്രം തയാറാണെന്നാണ് വിവരം. മൂന്നു പേരും അടുത്തയിടെ ബംഗളൂരുവില്‍ പോയി തിബത്ത് അഭയാര്‍ഥികളെ കണ്ടിരുന്നു. വ്യാജ പേരുകളില്‍ ഡല്‍ഹിയിലെയും മുംബൈയിലെയും വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളില്‍ കയറിച്ചെന്ന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ചൈനീസ് പത്രപ്രവര്‍ത്തകര്‍ക്ക് വിസ കാലാവധി നീട്ടിക്കൊടുക്കേണ്ട എന്ന് ഇന്ത്യ തീരുമാനിക്കുന്നത് ആദ്യമാണ്. എന്നാല്‍, മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ പല സംഭവങ്ങള്‍ ചൈനയില്‍ ഉണ്ടായിട്ടുണ്ട്. 2012ല്‍ അല്‍ജസീറ റിപ്പോര്‍ട്ടര്‍ പുറത്താക്കപ്പെട്ടിരുന്നു. 2014ല്‍ ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ടറും ചൈന വിടാന്‍ നിര്‍ബന്ധിതമായി. അവിടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതായി വിദേശ റിപ്പോര്‍ട്ടര്‍മാരുടെ ക്ളബ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.