ദേവാസ് ഇടപാട്: ഇന്ത്യ 100 കോടി ഡോളർ നൽകേണ്ടി വന്നേക്കും

ഹേഗ്: ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ദേവാസ് മൾട്ടിമീഡിയയും തമ്മിലുള്ള കേസിൽ ഐ.എസ്.ആര്‍.ഒക്ക് തിരിച്ചടി. ഹേഗിലെ രാജ്യാന്തര കോടതിയില്‍ ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ കേസില്‍ ഐ.എസ്.ആര്‍.ഒ നഷ്ടപരിഹാരം നല്‍കണമെന്നാണ് നിർദേശം. നൂറു കോടി ഡോളർ  ഇന്ത്യ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നാണ് സൂചന.

ഇടപാട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിയിലെ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും ഇടപാട് റദ്ദാക്കിയതിലൂടെ കമ്പനിയോട് ഇന്ത്യ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് കോടതി നിരീക്ഷിച്ചത്. തങ്ങളുടേതല്ലാത്ത കാരണത്താലാണ് ഇടപാട് റദ്ദാക്കിയതെന്ന് ഐ.എസ്.ആര്‍.ഒ വിശദീകരിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

ആന്‍ഡ്രിക്സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി 2005 ജനവരി 28-നാണ് കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യ വിക്ഷേപിച്ച ജി സാറ്റ് 6, ജിസാറ്റ് -6എ എന്നീ ഉപഗ്രഹങ്ങളിലെ എസ്-ബാന്‍ഡ് സ്പെക്ട്രം ഉപയോഗിക്കുന്നതിനായിരുന്നു ദേവാസുമായുള്ള കരാര്‍. 20 വര്‍ഷത്തേക്ക് അനിയന്ത്രിതമായി സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശംകൂടി കരാറിലൂടെ ദേവാസിന് ലഭിച്ചു. 2ജി സ്‌പെക്ട്രം കുംഭകോണത്തിലൂടെ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം കേന്ദ്രസര്‍ക്കാറിന് ഉണ്ടായെന്ന് കണ്ടെത്തിയതോടെ ഇടപാടുകള്‍ കേന്ദ്രസർക്കാർ റദ്ദാക്കുകയായിരുന്നു. കരാര്‍ വിവാദമായതോടെ മാധവന്‍നായരെ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.