തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍: പി. ചിദംബരത്തെ പരിഗണിക്കുന്നു

കോയമ്പത്തൂര്‍: തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ പരിഗണിക്കുന്നു. ഡി.എം.കെയുമായ സഖ്യമുണ്ടാക്കിയിട്ടും പ്രതീക്ഷിച്ച വിജയം നേടാനാകാത്ത സാഹചര്യത്തില്‍ പി.സി.സി പ്രസിഡന്‍റായിരുന്ന ഇ.വി.കെ.എസ്. ഇളങ്കോവന്‍ ജൂണ്‍ 15ന് രാജിവെച്ചിരുന്നു. ഒന്നരമാസമായി അഖിലേന്ത്യാ നേതൃത്വം കൂടിയാലോചന നടത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മുഴുവന്‍ ഗ്രൂപ്പുകളെയും ഐക്യത്തോടെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തനായ നേതാവിനെയാണ് പരിഗണിക്കുന്നത്. എസ്. തിരുനാവുക്കരസര്‍, സുദര്‍ശന നാച്ചിയപ്പന്‍, പീറ്റര്‍ അല്‍ഫോണ്‍സ്, വിജയധാരണി, ഖുശ്ബു, വസന്ത്കുമാര്‍, ചെല്ലകുമാര്‍, ജയകുമാര്‍, മണിക് താക്കൂര്‍, കരാട്ടെ ത്യാഗരാജന്‍ തുടങ്ങിയ നേതാക്കള്‍ ഇതിനകം ഡല്‍ഹിയിലത്തെി സോണിയാഗാന്ധി, രാഹുല്‍ഗാന്ധി തുടങ്ങിയവരെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. നേതാക്കള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനാല്‍ ഹൈകമാന്‍ഡിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുന്നില്ല. ഈ സാഹചര്യത്തിലാണ് പി. ചിദംബരത്തിന്‍െറ പേര് സോണിയാഗാന്ധി നിര്‍ദേശിച്ചത്.  

 2019 ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ചിദംബരത്തെ പി.സി.സി അധ്യക്ഷനാക്കുകയാണ് നല്ലതെന്ന അഭിപ്രായത്തിന് മുന്‍തൂക്കമുണ്ടായതായാണ് റിപ്പോര്‍ട്ട്. ചിദംബരത്തിന്‍െറ മകന്‍ കാര്‍ത്തിക് ചില അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം കാണിച്ചിട്ടില്ല. അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് ചിദംബരം ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചതായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. തമിഴ്നാടിന്‍െറ ചുമതല വഹിക്കുന്ന എ.ഐ.സി.സി സെക്രട്ടറി മുകുള്‍വാസ്നിക്കിനെ മാറ്റണമെന്നാണ് ഇതില്‍ പ്രധാനം. മുകുള്‍വാസ്നിക് വളരെ ജൂനിയറായതാണ് കാരണം. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം തരണമെന്നും ചിദംബരം ആവശ്യപ്പെട്ടതായി അറിയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.