അസമിലും അരുണാചലിലും പ്രളയക്കെടുതി; മരണം 38 ആയി, ദുരിത ബാധിതർ 1.89 ലക്ഷം

ഗുവാഹട്ടി: അസമിലും അരുണാചൽ പ്രദേശിലും കനത്തമഴയും മണ്ണിടിച്ചിലും നാശം വിതക്കുന്നു. അസമിൽ 36 പേരും അരുണാചലിൽ രണ്ടുപേരും മരണപ്പെട്ടു.

മൂന്ന് ദിവസമായി തുടർന്ന കനത്ത മഴയില്‍ അസമിലെ ഒമ്പതു ജില്ലകള്‍ വെള്ളത്തിനടിയിലായി. 1.89 ലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചതായും അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വക്താവ് പറഞ്ഞു.

ധമാജി, ലഖിംപൂര്‍, ബിശ്വനാഥ്, ഗോലഘട്ട്, ജോര്‍ഹട്ട്, മജുലി, സിബ്‌സാഗര്‍, ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചത്. 492 ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നുണ്ട്​. 49 ദുരിതാശ്വാസ ക്യാമ്പുകളിലായി 11,500 ഓളം പേരെ താമസിപ്പിച്ചിട്ടുണ്ട്​.

ദുരിതബാധിത ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവരങ്ങൾ ആരാഞ്ഞു. ദുരിതബാധിതര്‍ക്ക് സഹായം ലഭ്യമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തകരും ദുരിതബാധിതരും കോവിഡ്​ മുൻകരുതൽ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിൽ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും നഹർലഗൂണിൽ ഒരു സ്ത്രീയുമാണ്​ മുങ്ങിമരിച്ചത്​. അസമിൽ 15 പേർ വെള്ളത്തിൽ മുങ്ങിയും 21 പേർ മണ്ണിടിച്ചിലിലുമാണ്​ മരിച്ചത്​. ഒമ്പത് ജില്ലകളിലായി 1,89,314 പേരാണ്​ ദുരിതത്തിലായത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.