ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണരേഖയിൽ മൂന്നുദിവസമായി ചൈനീസ് സൈനികരുടെ എണ്ണം കുറക്കുന്നതായി റിപ്പോർട്ട്. എന്നാൽ, പൂർണമായും ഒഴിഞ്ഞുപോകുകയോ മേയ് മുതലുള്ള നിർമാണങ്ങൾ പൊളിക്കുകയോ ചെയ്തിട്ടില്ല.
20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ സംഘർഷത്തെത്തുടർന്ന് കഴിഞ്ഞ 22ന് നടന്ന കമാൻഡർ തല ചർച്ചയിൽ, നിർമാണങ്ങൾ നീക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. പട്രോളിങ്, സൈനികനീക്കം, വാഹനസഞ്ചാരം, പുതിയ നിർമാണങ്ങൾ എന്നിവ ഇരുഭാഗവും ഒഴിവാക്കണമെന്നായിരുന്നു ധാരണയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
നിലവിലെ നിർമാണങ്ങൾ കുറയ്ക്കുന്ന കാര്യം ചർച്ചയായില്ല. സംഘർഷം രൂക്ഷമായ ഗൽവാൻ, ഹോട്ട് സ്പ്രിങ്, പങോങ് തടാകം എന്നിവിടങ്ങളിലാണ് ചൈന സൈനികരുടെ എണ്ണം കുറക്കുന്നത്. അതേസമയം, ലഡാക്കിലെ നിയന്ത്രണരേഖയിലുടനീളം ആശങ്കയുളവാക്കുംവിധം ചൈനീസ് നിർമാണങ്ങളുണ്ട്.
10 യന്ത്രവത്കൃത സായുധ റെജിമെൻറുകൾ, ദൂരേക്ക് ലക്ഷ്യമിടാവുന്ന ആർട്ടിലറി തോക്കുകളുടെ 15 പൊസിഷനുകൾ എന്നിവയും ഇവയിൽപെടും. ൈചനയുടെ പീപ്ൾസ് ലിബറേഷൻ ആർമി കൈയേറ്റം നടത്തിയ കിഴക്കൻ ലഡാക്കിലെ പേങാങ് തടാകത്തിനുസമീപമുള്ള മേഖലയിൽ സ്ഥിതി ആപത്കരമാണെന്ന് അധികൃതർ സൂചിപ്പിച്ചു. ഇവിടെ ഇന്ത്യ, ചൈന സൈന്യം പട്രോളിങ് നടത്തുന്നുണ്ട്. ചൈന സൈനികരുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും ഒരിഞ്ച് പിറകോട്ടുമാറിയിട്ടില്ല.
ജൂൺ 15നും 22നുമിടക്ക് ഗൽവാൻ മേഖലയിെല സംഘർഷബാധിത പ്രദേശത്ത് ചൈന നിരീക്ഷണ പോസ്റ്റ് വീണ്ടും നിർമിക്കുകയും മറ്റു നിർമാണങ്ങൾ നടത്തുകയും ചെയ്തതായി ഉപഗ്രഹചിത്രങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.