ഡൽഹി കലാപം: ഷഹബാസിനെ അക്രമികൾ തീകൊളുത്തിയത് ജീവനുണ്ടോയെന്ന് പരിശോധിക്കാൻ

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വർഗീയ കലാപത്തിൽ അക്രമികൾ ഷഹബാസ് എന്ന 22കാരനെ തീകൊളുത്തിയത് ജീവനുണ്ടോയെന്ന് പരിശോധിക്കാൻ. മർദനമേറ്റ് ബോധരഹിതനായി വീണ ഷഹബാസ് മരിച്ചോയെന്ന് ഉറപ്പുവരുത്താനായി തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജീവൻ അവശേഷിച്ചിരുന്ന ഷഹബാസ് നിരങ്ങിനീങ്ങിയപ്പോൾ വിറകുകൊള്ളികൾ വെച്ച് കത്തിക്കുകയായിരുന്നു. കലാപത്തിലെ പ്രതിയായ രാഹുൽ ശർമയുടെ (24) ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.

കലാപകാരികൾ തീയിലെരിച്ച ഷഹബാസിന്‍റെ തലയോട്ടിയും ഏതാനും അസ്ഥികളും മാത്രമാണ് ലഭിച്ചത്. ഷഹബാസ് തന്നെയാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് വേണമെന്ന് പൊലീസ് പറയുന്നു. പ്രതി രാഹുൽ ശർമയുടെ ജാമ്യാപേക്ഷ ബുധനാഴ്ച അഡിഷനൽ സെഷൻസ് ജഡ്ജ് തള്ളി. കേസിൽ അഞ്ച് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 25ന് രാവിലെ ഏഴോടെ കണ്ണിൽ ഒഴിക്കാനുള്ള മരുന്ന് വാങ്ങാനായി ജി.ടി.ബി ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു ഷഹബാസ്. ഉച്ചക്ക് 2.25ന് സഹോദരൻ മത്ലൂബ് അഹമ്മദ് ഷഹബാസിനെ വിളിച്ചിരുന്നു. താൻ കരാവൽ നഗറിലാണുള്ളതെന്നും ഊടുവഴികളിലൂടെ വീട്ടിലെത്താമെന്നും ഷഹബാസ് പറഞ്ഞു. പിന്നെ ഷഹബാസിനെ ബന്ധപ്പെടാൻ സാധിച്ചില്ല.

ഷഹബാസിനെ തേടിയുള്ള തിരച്ചിലിനിടെ ഫെബ്രുവരി 27ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കിടക്കുന്നതായും അത് ഷഹബാസിന്‍റെതാണെന്നും മത്ലൂബിനെ ചിലർ അറിയിക്കുകയായിരുന്നു.

ഷഹബാസിനെ അക്രമികൾ പിടികൂടുകയും മുസ്ലിമാണെന്ന് കണ്ടതോടെ ദയാരഹിതമായി മർദിച്ചെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. ബോധരഹിതനായി വീണ ഷഹബാസ് മരിച്ചതാണോ അല്ലയോ എന്ന് കലാപകാരികൾക്ക് സംശയമായി. തുടർന്ന് ഉണങ്ങിയ കുറ്റിച്ചെടികൾ കൊണ്ടുവന്ന് ഷഹബാസിന്‍റെ മുഖത്തുവെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു.

ഷഹബാസ് ജിവന് വേണ്ടി പിടയുകയും ഞരങ്ങുകയും ചെയ്തപ്പോൾ കലാപകാരികൾ സമീപത്തെ ഉന്തുവണ്ടിയിലെ വിറകുകൊള്ളികൾ കൊണ്ടുവന്ന് ദേഹത്ത് കൂട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിച്ചു -പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ രാഹുൽ ശർമയെ കൂടാതെ അമൻ, മോഹിത് എന്നീ പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ലിം മതസ്ഥരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കുക ലക്ഷ്യമിട്ട് സുഹൃത്തുക്കളോടൊപ്പം ഗൂഢാലോചന നടത്തിയതായി അമൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഷഹബാസിനെ മർദിച്ച് കൊള്ളയടിക്കുകയും ജീവനോടെ കത്തിച്ചതും അമൻ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.