കപടവിമുക്തമായ വാക്കും പ്രവൃത്തിയും

വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യമാണ് ഇന്നത്തെ മുഖമുദ്ര. എല്ലാ രംഗത്തും കാപട്യവും പ്രകടനപരതയും. തങ്ങൾ നൂറ് ശതമാനവും സംശുദ്ധരാണെന്ന് അവകാശപ്പെടാത്ത ഏതെങ്കിലും മതവിഭാഗമുണ്ടോ? മായം കലരാത്ത പുഞ്ചിരിപോലും അപൂ൪വം. സമഖ്ശരീ പാടി.
വല്ലാത്ത കാലം, സ്നേഹം വെറും വഞ്ചന
സൗഹൃദത്തിന് പുളിച്ച കള്ളിൻെറ രുചി
മാ൪ക്കറ്റിലെ ഏക വസ്തു കാപട്യം
താങ്കളും കപടനാകൂ! കാപട്യത്തിനേ ചെലവുള്ളൂ.
നന്മ കൽപിക്കുകയും തിന്മനിരോധിക്കുകയും ചെയ്യുന്ന ധ൪മോപദേശികൾ ഏറെയുണ്ട്. ഈ ദൗത്യം നി൪വഹിക്കുന്ന മത-സാമൂഹിക-രാഷ്ട്രീയ സംഘടനകളും സ്ഥാപനങ്ങളും നിരവധി. എന്നിട്ടും സമൂഹത്തിൽ തിന്മകൾ പെരുകുന്നു. കാരണം സ്വന്തത്തിൽ ചെയ്യാത്തത് മറ്റുള്ളവരോട് പറയുന്നവരാണ് അധികപേരും. ഖലീഫ ഉമ൪ ജനങ്ങളോട് ഒരു കാര്യം പറയുമ്പോൾ അത് ആദ്യം സ്വന്തം വീട്ടിൽ നടപ്പാക്കുമായിരുന്നു. കാരണം കാക്കക്കണ്ണുകൊണ്ടാണ് ജനം തങ്ങളെ വീക്ഷിക്കുന്നതെന്ന് അവ൪ക്കറിയാമായിരുന്നു. ‘നിങ്ങൾ എന്തിന് ചെയ്യാത്തത് പറയുന്നു?’ ഖു൪ആൻ ചോദിക്കുന്നു.
ഇവിടെ ഒരു സംഭവം ഉദ്ധരിക്കുന്നത് പ്രസക്തമാണ്. അടിമകൾ നിലവിലുള്ള കാലം, വെള്ളിയാഴ്ച പള്ളിയിൽ പ്രഭാഷണം നടത്തുന്ന ഖത്തീബിനോട് അടുത്ത വെള്ളിയാഴ്ച അടിമകളെ വിലക്കുവാങ്ങി മോചിപ്പിക്കുന്നതിൻെറ പുണ്യത്തെപ്പറ്റി സംസാരിക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, യദൃച്ഛയാ ഖത്തീബ് അപ്രത്യക്ഷനായി. ഒരു കൊല്ലം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ജനം എന്തു സംഭവിച്ചെന്ന് തിരക്കി. ഞാൻ ഒരു അടിമയെ മോചിപ്പിക്കാൻ ആവശ്യമായ പണം അധ്വാനിച്ചുണ്ടാക്കുകയായിരുന്നു. ഇനി അടിമമോചനത്തെപ്പറ്റി ഖുത്ബ നടത്താൻ സന്നദ്ധനാണെന്ന് അദ്ദേഹം അറിയിച്ചു.
നന്മ സ്ഥാപിക്കുകയും തിന്മ തടയുകയും ചെയ്യുന്നതിൽ സുപ്രധാന പങ്ക് വഹിക്കാൻ കഴിയുന്ന ശക്തിയാണ് ഇന്ന് മാധ്യമങ്ങൾ. പക്ഷേ, അവയിൽ പ്രതിഫലിക്കുന്നത് അവയുടെ പിന്നിൽ പ്രവ൪ത്തിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങളും താൽപര്യങ്ങളുമാണ് അഥവാ അവരെ ജനം മാധ്യമങ്ങളിലൂടെ വിലയിരുത്തുമ്പോൾ അവിടെ വാക്കും പ്രവ൪ത്തിയും തമ്മിലുള്ള വൈരുധ്യം പ്രകടമാകുന്നു.
ബാഹ്യപ്രകടനത്തിന് മുൻതൂക്കം നൽകുന്ന ഒരു ഭക്തിയാണ് ഇന്ന് കാണപ്പെടുന്നത്. അതുകൊണ്ടാണ് റമദാൻ ചന്ദ്രിക അസ്തമിക്കുന്നതോടെ ആ ഭക്തിയും അപ്രത്യക്ഷമാകുന്നത്. ശക്തവും സ്ഥായിയും സംശുദ്ധവുമായ ആന്തരിക ഭക്തിയാണ് വ്രതത്തിൻെറ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.