അസഹിഷ്ണുതയുടെ കാലത്തെ സര്‍ഗാത്മക വിപ്ളവം

‘ഭരതനാട്യത്തില്‍ വെന്നിക്കൊടി നാട്ടി മുസ്ലിം പെണ്‍കുട്ടി’-പത്തുവര്‍ഷം മുമ്പുവരെയും കേരളത്തിലെ പത്രങ്ങളുടെ യുവജനോത്സവ റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ ഇതുപോലൊരു തലക്കെട്ട് കാണാം. പക്ഷേ, ഇന്ന് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വാര്‍ത്തപോലും ആവുന്നില്ല. ഒപ്പനയിലും തിരുവാതിരകളിയിലും മാര്‍ഗംകളിയിലും കഥകളിയിലുമൊക്കെ അതത് കല രൂപപ്പെട്ട മാതൃജാതി, സമുദായത്തിലെ കുട്ടികളുടെ കണക്കെടുക്കാന്‍ ഇന്ന് വെള്ളാപ്പള്ളി നടേശന്‍പോലും തയാറായി എന്ന് വരില്ല. അത്രക്ക് ജനകീയവും മതേതരവുമായി കലകളെ മാറ്റിയെടുക്കാന്‍ കഴിഞ്ഞത് ഇവിടെ സ്കൂള്‍ കലോത്സവങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടുകൂടിയാണ്. വിദ്വേഷങ്ങള്‍ ലയിപ്പിക്കാനുള്ള ഒരു മാര്‍ഗം കൂടിയാണല്ളോ കല. പരമ്പരാഗത ക്ഷേത്രകലകള്‍പോലും ഇവിടെ എല്ലാവിഭാഗം കുട്ടികളും ചേര്‍ന്ന് അവതരിപ്പിക്കുന്നു. അതോടെ അലിഞ്ഞില്ലാതാവുന്നത് മതത്തിന്‍െറ വേലിക്കെട്ടുകള്‍ കൂടിയാണ്. ഉത്തരേന്ത്യയില്‍ പോയിട്ട്, തമിഴ്നാട്ടില്‍പോലും ഒരു അഹിന്ദുവിന്‍െറ അര്‍ജുനവേഷം സങ്കല്‍പിക്കാനാവില്ല. മാത്രമല്ല, കലോത്സവ കഥകളിയിലൊക്കെ നാം കാണുന്ന ഒരു പ്രധാനകാര്യമുണ്ട്. ഇത്രയും വേഷത്തികവുള്ള കുട്ടികളെ കലാമണ്ഡലത്തില്‍പോലും കാണാന്‍ കഴിയില്ല. ഏറ്റവും രസം, കലാമണ്ഡലക്കാരെപ്പോലെ ശാസ്ത്രീയമായി ഒന്നുമല്ല, തീര്‍ത്തും ഇന്‍സ്റ്റന്‍റായി, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കലോത്സവത്തിനുവേണ്ടി തട്ടിക്കൂട്ടിയാണ് അവര്‍ പഠിക്കുന്നത്. എന്നിട്ടും ആ വേഷം മികവുറ്റതാവുന്നതിനുപിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഹിന്ദുമതത്തില്‍ തന്നെയുള്ള ചില പ്രത്യേക സമുദായങ്ങളുടെ ജനിതകധാര മാത്രമാണ് പലപ്പോഴും നാം കലാമണ്ഡലത്തിലൊക്കെ കാണുന്നത്. പ്രതിഭ മാത്രമല്ല, പരിമിതിയും പാരമ്പര്യമായി പകര്‍ന്നുകിട്ടും. പക്ഷേ, സ്കൂള്‍ കലോത്സവത്തിലാവട്ടെ തീര്‍ത്തും വ്യത്യസ്തമായ ഒരു ജനിതകധാരയാണ് പഠിക്കാനത്തെുന്നത്. ഡല്‍ഹി യൂനിവേഴ്സിറ്റിയിലെ അധ്യാപകനായ ഡോ. സദനം ഗോപാലിനെപ്പോലുള്ളവര്‍ ഗവേഷണപ്രബന്ധത്തില്‍ ഇക്കാര്യങ്ങള്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഇനി കലാമണ്ഡലവും സംഗീതനാടക അക്കാദമിയും ലളിതകലാ അക്കാദമിയും അടക്കമുള്ള സര്‍ക്കാറിന്‍െറ വന്‍ സഹായം കിട്ടുന്ന എത്രയോ സ്ഥാപനങ്ങള്‍  ഉണ്ടായിട്ടും കലയെ ജനകീയവത്കരിക്കുകയെന്ന അടിസ്ഥാനദൗത്യം നിര്‍വഹിക്കപ്പെടുന്നത് കേരള സ്കൂള്‍ കലോത്സവത്തിലൂടെ തന്നെയാണ്. സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുന്നതിനുമുമ്പ് ‘കേരള നടനം’ എന്ന കലാരൂപത്തെക്കുറിച്ച് എത്രപേര്‍ക്ക് അറിയാമായിരുന്നു. ഇന്ന് ചമ്പുപ്രഭാഷണം എന്ന വാക്കുപോലും നമുക്ക് സുപരിചിതമാണ്. ചവിട്ടുനാടകവും വഞ്ചിപ്പാട്ടും നാടന്‍പാട്ടുമൊക്കെ ഇങ്ങനെ ആ മേഖലയിലെ കലാകാരന്മാരുടെ നിരന്തരമായ ആവശ്യത്തെയും പ്രക്ഷോഭത്തെയും തുടര്‍ന്ന് കലോത്സവത്തില്‍ സ്ഥാനംപിടിച്ചവയാണ്. ഇനിയും പത്തോളം കലാരൂപങ്ങള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ മേഖലയിലെ കലാകാരന്മാര്‍ രംഗത്തുണ്ട്. അതിനെ കുറ്റംപറയാന്‍ കഴിയില്ല. കലോത്സവത്തില്‍ ഒന്ന് കയറിക്കിട്ടിയാല്‍ ആ കല രക്ഷപ്പെടുമെന്നാണ് അതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. സ്കൂള്‍തൊട്ടുള്ള കണക്കുനോക്കുമ്പോള്‍ ചുരുങ്ങിയത് 5000 ചവിട്ടുനാടകങ്ങളെങ്കിലും കലോത്സവത്തിനായി ഒരുക്കൂട്ടും. നൃത്ത ഇനങ്ങളുടെയും മറ്റും കണക്കെടുക്കുമ്പോള്‍ ഇത് കാല്‍ലക്ഷത്തിനുമുകളില്‍ കയറും. എത്ര കുറ്റം പറഞ്ഞാലും ഇതൊരു അദ്ഭുതം തന്നെയാണ്.
സര്‍ക്കാര്‍ ജോലിയൊഴിച്ച്, ആ പേരില്‍ തുടങ്ങുന്ന വാക്കിനോടൊക്കെ കേരളത്തിലെ മധ്യവര്‍ഗത്തിന് വല്ലാത്തൊരു പുച്ഛം രൂപപ്പെട്ടുവരുന്ന ഇക്കാലത്താണ് സര്‍ക്കാര്‍ നടത്തുന്ന ഈ മേളയും പൊതുവിദ്യാഭ്യാസവും തലയുയര്‍ത്തി നില്‍ക്കുന്നത് എന്ന് ഓര്‍ക്കണം. ഈ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ ഉപേക്ഷിച്ച് കുട്ടികള്‍ കേരള സിലബസ് സ്കൂളിലേക്ക് വരുന്നു എന്നതും കഴിഞ്ഞ മൂന്നുനാലുവര്‍ഷത്തിനുള്ളില്‍ കണ്ട പൊതുപ്രവണതയാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്‍െറ ശക്തരായ സംരക്ഷകര്‍ കൂടിയാവുകയാണ്  ഈ മേള.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.