കൗമാരമേളക്ക് തിരിതെളിഞ്ഞു; ഇനി കലയുടെ ഏഴു പകലിരവുകൾ

തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ജയരാജ് മുഖ്യാതിഥിയായി. സ്പീക്കർ എൻ. ശക്തൻ, മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, ഡോ. എം.കെ മുനീർ, വി.എസ് ശിവകുമാർ, അനൂപ് ജേക്കബ്, വി. ശിവൻകുട്ടി എം.എൽ.എ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ഉദ്ഘാടന ചടങ്ങുകൾക്ക് മുമ്പുള്ള ഘോഷയാത്ര ഉച്ചക്കുശേഷം 3.30നാണ് ആരംഭിച്ചത്. വി.ജെ.ടി ഹാളിന് മുന്നിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഡി.ജി.പി ടി.പി സെൻകുമാർ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. 50 സ്കൂളുകളിൽ  നിന്ന് ആറായിരത്തോളം കുട്ടികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ഉദ്ഘാടന വേദിയിൽ 56 സംഗീതാധ്യാപകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്.

232 ഇനങ്ങളിൽ 19 വേദികളിലായാണ് കുട്ടികൾ മാറ്റുരക്കുന്നത്. ഹൈസ്കൂൾ പെൺകുട്ടികളുടെ മോഹിനിയാട്ടമാണ് ആദ്യദിനത്തിലെ ആദ്യ മത്സരയിനം. ഒന്നാം വേദിയിലാണ് മത്സരം. വിധികർത്താക്കൾക്കെതിരെ ആക്ഷേപമുയർന്ന സാഹചര്യത്തിൽ കർശന നിരീക്ഷണത്തിലാണ് കലോത്സവം നടക്കുന്നത്. മൂന്നു വർഷം വിധികർത്താക്കളായവരെ ഒഴിവാക്കിയാണ് ഇത്തവണ പാനൽ തയാറാക്കിയത്. വിജിലൻസിൻെറ നേതൃത്വത്തിലാണ് വിധികർത്താക്കളെ നിരീക്ഷിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.