അഭിമാനം കാക്കാന്‍ പിരിവെടുത്ത്

തിരുവനന്തപുരം: സ്കൂളില്‍നിന്ന് മത്സരത്തിന് ഫണ്ട് അനുവദിക്കാത്തതിനെ തുടര്‍ന്ന് മത്സരാര്‍ഥികള്‍ പണപ്പിരിവ് നടത്തി കലോത്സവത്തിനത്തെി. ബാലരാമപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്തോളം വിദ്യാര്‍ഥികളാണ് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച കടകള്‍തോറും കയറിയിറങ്ങിയത്. കഴിഞ്ഞ ഉപജില്ല, റവന്യൂ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വട്ടപ്പാട് മത്സരത്തില്‍ ബാലരാമപുരം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു ഒന്നാം സ്ഥാനം.

എന്നാല്‍, സ്കൂളിലെ പി.ടി.എ ഫണ്ട് സംബന്ധിച്ച തര്‍ക്കങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഫണ്ട് അനുവദിക്കാന്‍ കഴിയില്ളെന്ന നിലപാടിലായിരുന്നു പി.ടി.എ. ഇതോടെ കുട്ടികളുടെ കൈയില്‍നിന്ന് ഉപജില്ലയില്‍ 10,000ത്തോളം രൂപയും ജില്ലയില്‍ 15,000ത്തോളം രൂപയും ചെലവായിരുന്നു. മത്സരാര്‍ഥികളില്‍ ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളതിനാല്‍ സംസ്ഥാന കലോത്സവത്തിനുള്ള ചെലവ് ഇവര്‍ക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. കുട്ടികളുടെ അവസ്ഥയറിഞ്ഞ അധ്യാപകര്‍ 5700 രൂപ പിരിച്ചുനല്‍കിയെങ്കിലും ഇതും തികയുമായിരുന്നില്ല.

തുടര്‍ന്നാണ് ഇവര്‍ പിരിവിനിറങ്ങാന്‍ തീരുമാനിച്ചത്. ഇവര്‍ക്ക് പിന്തുണയുമായി വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്നതോടെ പിരിവ് ‘സംഭവ’മാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ ബാലരാമപുരം ജങ്ഷനിലെ കടകളില്‍ പോസ്റ്ററുകളുമായി കയറിയിറങ്ങിയ ഇവര്‍ മൂന്നരമണിക്കൂറിനുള്ളില്‍ 10,000ത്തോളം രൂപയാണ് പിരിച്ചത്. ശനിയാഴ്ച സെന്‍റ് ജോസഫ് സ്കൂളില്‍ നടക്കുന്ന വട്ടപ്പാട്ട് മത്സരത്തില്‍ അനന്തപുരിയുടെ അഭിമാനം കാക്കാന്‍ ഇറങ്ങുകയാണിവര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.