തീവ്രമീ നിശ്ശബ്ദ ഭാവങ്ങള്‍

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തിന് വേദിയായ ‘യവനിക’ ഉണരാന്‍ ഏറെ വൈകി. എന്നാല്‍, കൗമാരതാരങ്ങള്‍ തീവ്രഭാവങ്ങളുമായി അരങ്ങുവാണപ്പോള്‍ ക്ഷമയോടെ കാത്ത സദസ്സ് നല്‍കിയത് നിറഞ്ഞ കൈയടി. അഞ്ചാം വേദിയായ സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിലായിരുന്നു മൂകാഭിനയം അരങ്ങേറിയത്. സിമന്‍റിട്ട പരുക്കന്‍വേദിയില്‍ മത്സരം നടത്തുന്നതിനെതിരെ വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടതോടെ വിരിപ്പിട്ടശേഷം മത്സരം ആരംഭിച്ചപ്പോഴേക്കും രണ്ടു മണിക്കൂര്‍ വൈകി. കൊച്ചിയിലെ ബോട്ടുദുരന്തവും വയനാട്ടിലെ പുലിപ്പേടിയും കോന്നി പെണ്‍കുട്ടികളുടെ ആത്മഹത്യയുമൊക്കെയായിരുന്നു അരങ്ങിലെ വിഷയങ്ങള്‍.

കാണുന്നതെല്ലാം കയ്ക്കുന്ന സത്യമായതിനാല്‍ ഇരുട്ടിനെ വരിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതവും സര്‍വം വിഷമയമാകുന്ന പുതിയ കാലത്തെ ജീവിതവും ഒന്നിലേറെ സ്കൂളുകള്‍ അവതരിപ്പിച്ചു. പേപ്പട്ടിശല്യവും സ്ത്രീപീഡനവും കടല്‍ക്കൊലയും കൊള്ളപ്പലിശയുമെല്ലാം വിഷയങ്ങളായി. വിലക്കപ്പെട്ട കനി തിന്നതോടെ സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട ആദമിന്‍െറയും ഹവ്വയുടെയും ഭൂമിയിലേക്കുള്ള പ്രവേശം തലശ്ശേരി ബി.ഇ.എം.പി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും പെരുന്തച്ചന്‍െറ ജീവിതകഥക്ക് പുനരാഖ്യാനമൊരുക്കി കാസര്‍കോട് ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയരായി.

കഴിഞ്ഞ വര്‍ഷം സംസ്ഥാന തലത്തില്‍ ഒന്നാമതായ പാലക്കാട് കോട്ടായി ജി.എച്ച്.എസ്.എസ് ഇത്തവണ കൊച്ചിയിലെ ബോട്ടുദുരന്തത്തില്‍പെട്ട കുടുംബത്തിന്‍െറ ജീവിതവുമായാണത്തെിയത്. നാല്  അപ്പീലുകളടക്കം 18 ടീമുകളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയത്തില്‍ പങ്കെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.