കലോത്സവത്തിലും വര്‍ണ വിവേചനമോ?

തിരുവനന്തപുരം: നഗരം കലോത്സവത്തിന്‍െറ വര്‍ണപ്പകിട്ടിലലിയുമ്പോള്‍ സെക്രട്ടേറിയറ്റ് നടയില്‍ കറുപ്പിന്‍െറ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യമുയര്‍ത്തുകയായിരുന്നു അവര്‍. ദലിതനെന്നും കറുത്തവനെന്നും പറഞ്ഞു ഹൈദരാബാദ് സര്‍വകലാശാലയുടെ നടുമുറ്റത്ത് അധികൃതര്‍ ‘അപമാനിച്ച് കൊന്ന’ രോഹിത് വെമുലക്ക് വേണ്ടിയുള്ള പ്രതിഷേധ കൂട്ടായ്മയാണ് കറുപ്പിനോടുള്ള അസഹിഷ്ണുതയെ ചോദ്യം ചെയ്തത്.
 ഒരു സംഘടനയുടെയും ആഹ്വാനമില്ലാതെ ഫേസ്ബുക് കൂട്ടായ്മയിലാണ് രോഹിത്തിനുവേണ്ടി വിദ്യാര്‍ഥികളടക്കമുള്ളവര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഒത്തുകൂടിയത്.

ക്ളാസുമുറികളില്‍ തുടങ്ങിയ മാറ്റിനിര്‍ത്തലുകളുടെയും അപമാനിക്കലിന്‍െറയും ഓര്‍മകള്‍ അവര്‍ ‘മാധ്യമ’വുമായി പങ്കുവെച്ചു. ആദ്യമത്തെിയത് ആയിഷ ജോയ്സി എന്ന എട്ടാംക്ളാസുകാരിയായിരുന്നു.‘രോഹിത് വെമുല ആരാണെന്ന് എനിക്കറിയില്ല പക്ഷേ, ആ മരണം എന്നെ കരയിപ്പിച്ചു. രോഹിത്തിന്‍െറ കത്ത് വായിച്ചപ്പോള്‍ ആ മരണത്തില്‍ നമ്മളും പ്രതിയാണെന്ന് എനിക്കുതോന്നി. കലോത്സവ നൃത്തവേദികളില്‍ മാത്രമല്ല, സിനിമയിലും മാധ്യമ മേഖലയില്‍പോലും കറുത്തവര്‍ കടന്നുവരുന്നില്ളെന്നും ആയിഷ പറഞ്ഞു.

രോഹിത് വെമുലയുടെ ജീവിതാനുഭവങ്ങള്‍ പലയളവില്‍ ഇവിടെയും കാണാമെന്ന് രോഹിത്തിന്‍െറ സൃഹൃത്തും പിഎച്ച്.ഡി വിദ്യാര്‍ഥിയുമായ ആര്‍.എസ്. സുനി പറഞ്ഞു. പക്ഷേ, ആരും തുറന്നുപറയാന്‍ തയാറാവുന്നില്ല. ആദിവാസികളുടെയും പട്ടികജാതി, പട്ടികവര്‍ഗക്കാരുടെയും കലാരൂപങ്ങള്‍ ഇപ്പോഴും കലോത്സവവേദിക്ക് പുറത്ത് നില്‍ക്കുകയാണ് -സുനി ചൂണ്ടിക്കാട്ടി. കലോത്സവ ചരിത്രമെടുത്താല്‍ ദലിത് പ്രാതിനിധ്യം തീര്‍ത്തും കുറവാണെന്ന് ഉസ്മാനിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി ആര്‍.സി. ജാഫര്‍ പറഞ്ഞു.

കേരളത്തില്‍പോലും അപ്രഖ്യാപിത വര്‍ണവിവേചനം നിലനില്‍ക്കുകയാണെന്ന് തോന്നും നമ്മുടെ നൃത്തമത്സരങ്ങള്‍ കണ്ടാല്‍. ഒരൊറ്റ കറുത്ത കുട്ടിയെപോലും കാണാനാവില്ല. അധ്യാപകര്‍തന്നെ കറുത്ത കുട്ടികളെ ഒഴിവാക്കുകയാണ്. ലോകത്താകമാനം കറുത്തവന്‍െറ സംഗീതവും നൃത്തവും ആഘോഷിക്കപ്പെടുന്ന കാലത്താണ് ഇതെന്ന് ഓര്‍ക്കണം -ജാഫര്‍ പറഞ്ഞു. എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ജെ. ദേവികയടക്കമുള്ള നിരവധിപേര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.