ഇശലില്‍ കൊമ്പ് കോര്‍ത്ത് മാപ്പിളപ്പാട്ട്

തിരുവനന്തപുരം: ഇശല്‍ വൈവിധ്യങ്ങളാല്‍ സമ്പന്നവും ശ്രുതി-താള നിബിഡവും സാഹിത്യഭംഗിയും ഒത്തുചേര്‍ന്ന മാപ്പിളപ്പാട്ട് മത്സരം കോട്ടണ്‍ഹില്ലിനെ ആവേശത്തിലാക്കി. മോയിന്‍കുട്ടി വൈദ്യരുടെ കിസ്സപ്പാട്ടുകള്‍ ആലപിക്കപ്പെട്ടെങ്കിലും ഏറെയും പുതിയ പാട്ടുകളായിരുന്നു. പുറമേ വടക്കിനേടത്ത് അഹമ്മദ് മൊല്ല, താനൂര്‍ മൊയ്തീന്‍ മൊല്ല, എ.ഐ. മുത്തുക്കോയതങ്ങള്‍, ഒ.എം. കരുവാരകുണ്ട്, ടി.കെ. മുഹമ്മദ് മുസ്ലിയാര്‍ എന്നിവരുടെ പാട്ടുകളും അവതരിപ്പിക്കപ്പെട്ടു.

ബദര്‍, ഉഹ്ദ്, ഖൈബര്‍ പടപ്പാട്ടുകളും ഹിജ്റ, ത്വരീഖത്ത് തുടങ്ങിയ പാട്ടുകളുടെ ശകലങ്ങളാണ് അധികവും ആലപിച്ചത്. കൊമ്പുമുറുക്കം-ചാട്ടുചുരളം, ബദറെ-ബദര്‍കൊണ്ട്, ബദര്‍ യുദ്ധവും കിടച്ചാട്ടവും അടക്കം ഇശലുകളിലായിരുന്നു ആലാപനം.
ഹൈസ്കൂള്‍ വിഭാഗം ആണ്‍-പെണ്‍ വിഭാഗങ്ങളിലാണ് ബുധനാഴ്ച മത്സരം ഉണ്ടായത്. രണ്ടു വിഭാഗങ്ങളിലും മുഴുവന്‍പേര്‍ക്കും ‘എ’ ഗ്രേഡ് ലഭിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഏകിയേ ഇശലില്‍ ചിന്താരം മുന്തിമൊളിന്തിടവേ എന്നുതുടങ്ങുന്ന ഗാനം ആലപിച്ച് പൂക്കളത്തുര്‍ സി.എച്ച്.എം.എച്ച്.എസ്.എസിലെ ഒമ്പതാംക്ളാസ് വിദ്യാര്‍ഥിയായ റബീഉല്ലയാണ് ഒന്നാംസ്ഥാനം നേടിയത്. കരുവാമ്പുഴയില്‍ സിനാനാണ് രണ്ടാമന്‍. വയനാട് കണിയാരം ഫാ. ജി.കെ.എം സ്കൂളിലെ ഇര്‍ഫാനാണ് മൂന്നാമന്‍.

പെണ്‍കുട്ടികളില്‍ കോട്ടക്കല്‍ ഫാറൂഖ് ഇ.എം.എച്ച്.എസ്.എസ് സ്കൂളിലെ സനൂഫയാണ് ജേതാവ്. അര്‍ബഅത്തുല്‍ ആച്ചില്‍ നടുമുറുക്കം ഇശലില്‍ ഒ.എം. കരുവാരകുണ്ട് രചിച്ച് മുഹ്സിന്‍ കുരുക്കള്‍ ചിട്ടമിട്ട അരശാങ്കം അഗിയാന്‍ എന്നുതുടങ്ങുന്ന ഗാനമാണ് ആലപിച്ചത്. കല്ലറ ഗവ. വി.എച്ച്.എസ്.എസിലെ എസ്.എഫ്. ആസിയക്കാണ് രണ്ടാംസ്ഥാനം. തലശ്ശേരി സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ മേഘ്ന വിനോദ് മൂന്നാംസ്ഥാനവും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.