തിരുവനന്തപുരം: ജനിച്ച് വീണപ്പോള്‍ പോലും അമ്മയുടെ മുഖമവന്‍ കണ്ടിട്ടില്ല. വിഷമഴ പെയ്ത ആകാശം ജീവിതം ജന്മനാ ഇരുട്ടിലാക്കിയെങ്കിലും അകക്കണ്ണിന്‍െറ വെളിച്ചത്തില്‍ സംഗീതലോകത്ത് വെന്നിക്കൊടി പാറിക്കുകയാണ് കാസര്‍കോട് എന്‍മകജെ സ്വദേശിയായ ദേവികിരണ്‍. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തില്‍ എ ഗ്രേഡോടെ ദേവികിരണിന് ലഭിച്ച രണ്ടാംസ്ഥാനത്തിന് അതുകൊണ്ടുതന്നെ ഒന്നാംസ്ഥാനത്തേക്കാളും തിളക്കമുണ്ട്.
ഏത്തടുക്ക സ്വദേശി കൂലിപ്പണിക്കാരനായ ഈശ്വര നായിക്കിന്‍െറയും പുഷ്പലതയുടെയും മകനാണ് കാസര്‍കോട് ജി.എച്ച്.എസ്.എസിലെ പ്ളസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ ദേവികിരണ്‍. കുഞ്ഞുന്നാളിലേ വേദനകളും ഇരുട്ടും ജീവിതം ദുസ്സഹമാക്കിയെങ്കിലും കേട്ടറിഞ്ഞ ശബ്ദങ്ങളിലൂടെ വളര്‍ന്ന ദേവികിരണിന് പ്രൈമറി സ്കൂള്‍ അധ്യാപകനാണ് സംഗീതലോകത്തേക്ക് വഴിതുറന്നത്. കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസനാണ് ഗുരു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഈ മിടുക്കന്‍ എ പ്ളസ് നേടിയിരുന്നു.
കശുമാവിന്‍തോട്ടങ്ങളില്‍ ഇടതടവില്ലാതെ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ വിഷമഴയാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ചേ ദേവികിരണിന്‍െറ ലോകം ഇരുട്ടിലാക്കിയത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇങ്ങനെ ഈ മേഖലയില്‍ പലതരം ദു$ഖങ്ങളുടെ തടവറയില്‍ കഴിയുന്നത്. എന്നാല്‍, അവര്‍ ഇന്ന് അതിജീവനത്തിന്‍െറ പാതയിലാണ്. ഭിന്നശേഷിക്കാരായ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം തലസ്ഥാനത്തെ കലോത്സവ വേദിയിലേക്ക് വണ്ടികയറാന്‍ ദേവികിരണിന് ധൈര്യം നല്‍കിയത് ആ ശ്രമങ്ങളാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീത മത്സരത്തിലെ വിജയത്തോടെ ആ യാത്ര സഫലമായി.
ഇതേ സ്കൂളില്‍ പഠിക്കുന്ന അനുജന്‍ ജീവന്‍രാജും അന്ധനാണ്. ഇരുവരും എന്‍ഡോസള്‍ഫാന്‍ പട്ടികയിലുണ്ടെങ്കിലും ദുരിതാശ്വാസ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച സഹായത്തില്‍ തുച്ഛമായ തുക മാത്രമാണ് കുടുംബത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ നീതിതേടിയുള്ള സമരം കൂടിയാണ് ദേവികിരണിന് ഈ മത്സരം. സ്കൂള്‍തല, ജില്ലാതല മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ സഹായം വാഗ്ദാനം ചെയ്തവരൊന്നും പിന്നീട് തിരിഞ്ഞുനോക്കിയില്ളെന്ന് സങ്കടത്തോടെ അവന്‍ പറഞ്ഞു. സന്നദ്ധ സംഘടന നല്‍കിയ മുറികളിലാണ് തിരുവനന്തപുരത്ത് താമസം. ഉപരിപഠനം എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്ന ചോദ്യത്തിന് മുന്നില്‍ ദേവികിരണിന് വാക്കുകളില്ല. സര്‍ക്കാര്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഭാധനനായ ഈ വിദ്യാര്‍ഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.