സംസ്കൃതോല്‍സവക്കാര്‍ പറയുന്നു; ഞങ്ങള്‍ക്ക് വേറെ കലോല്‍സവം വേണം

തിരുവനന്തപുരം: ഇവിടെ അപ്പീലില്ല, കോഴവിവാദമില്ല, മല്‍സരത്തിന്‍െറ കൂട്ടപ്പൊരിച്ചിലും ബഹളവുമില്ല. പൊതുവെ കാണികള്‍ വല്ലാതെ കുറഞ്ഞ തിരുവനന്തപുരം മേളയില്‍ ഇവിടെ മല്‍സരാര്‍ഥികളും അധ്യാപകരും മാത്രമേയുള്ളൂ. സംസ്കൃതോല്‍സവം നടക്കുന്ന വേദികളില്‍ പോയാല്‍ ഇത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്‍െറ ഭാഗമാണോയെന്ന് പോലും തോന്നിപ്പോവും. ചാനലുകളോ, പത്രക്കാരോ ഇങ്ങോട്ട് തിരഞ്ഞു നോക്കാറില്ളെന്നും  സംസ്കൃതോല്‍സവത്തിലെ കുട്ടികള്‍  പറയുന്നു.
ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് കിട്ടുന്ന ഒരു പരിഗണനയും തങ്ങള്‍ക്ക് കിട്ടാത്തതിനാല്‍ സംസ്കൃതോല്‍സവം വേറിട്ട് നടത്തണമെന്നാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും പറയുന്നത്. മുമ്പ് ഇങ്ങനെയാരു നിര്‍ദേശം വന്നപ്പോള്‍ സാമ്പത്തിക ചെലവാണ് സര്‍ക്കാര്‍ പ്രധാന പ്രശ്നമായി പറഞ്ഞത്. എന്നാല്‍ കേന്ദ്രഗവണ്‍മെന്‍റിന്‍െറ വിവിധ പദ്ധതികള്‍ അടക്കം ഫണ്ട് ഉള്ളതിനാല്‍ ഇപ്പോള്‍ സംസ്കൃതോല്‍സവം വേറിട്ട് നടത്താന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം വിവിധ പദ്ധതികള്‍ വഴി  കിട്ടുന്ന ഫണ്ടുകള്‍ ഏകോപനമില്ലാത്തതിനാല്‍  ചിതറിപ്പോവുകയാണെന്നും ആരോപണമുണ്ട്.

ഇങ്ങനെയാണെങ്കിലും ഓരോ വര്‍ഷവും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സംസ്കൃതോല്‍സവത്തില്‍ ഉണ്ടാകുന്നത്. മല്‍സരങ്ങളും ഒന്നിനൊന്ന് വാശിയേറുന്നു. ആലുവ വിദ്യാദിരാജ വിദ്യാഭവന്‍, കൊല്ലം പാരിപ്പള്ളി എ.എസ്.എച്ച്.എസ്, ഇടുക്കി നരിയംപാറ എം.എം.എച്ച്.എസ് എന്നിവടങ്ങളിലെയൊക്കെ കുട്ടികള്‍ സംസ്കൃതോല്‍സവത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.