യു.എസിലെ ട്രക്ക് ആക്രമണവും കാർ സ്ഫോടനവും: പ്രതി ഐ.എസ് അനുഭാവി; പിന്നിൽ നിരവധി പേർ –ബൈഡൻ

വാഷിങ്ടൻ: യു.എസിലെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഹോട്ടലിന് മുന്നിൽ സൈബർട്രക്ക് കാർ പൊട്ടിത്തെറിച്ച സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് എഫ്.ബി.ഐ അന്വേഷണം നടത്തുന്നതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.

ഇസ് ലാമിക് സ്റ്റേറ്റിന്റെ പതാകവഹിച്ച ട്രക്ക് ആൾക്കൂട്ടത്തിലേക്ക് ഇടിച്ച് കയറി മണിക്കൂറുകൾ പിന്നിടും മുമ്പാണ് കാർ സ്ഫോടനം. ബുധനാഴ്ച രാവിലെയാണ് ഇരുസംഭവങ്ങളും നടന്നത്.

ലുയീസിയാന സംസ്ഥാനത്തെ ന്യൂ ഓർലിയൻസിൽ ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിനെ തുടർന്ന് 15 പേർ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നിൽ നിരവധി പേരുണ്ടെന്നാണ് സൂചന. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചതായി ലുയീസിയാന അറ്റോണി ജനറൽ ലിസ മുറീൽ എൻ.ബി.സി ന്യൂസിനെ അറിയിച്ചു. ട്രക്കിൽനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കൾ ന്യൂ ഓർലിയൻസിലെ വീട്ടിൽ നിർമിച്ചതാണെന്ന് സംശയിക്കുന്നതായും മുറീൽ പറഞ്ഞു.

ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റിയതിനെ തുടർന്ന് പൊലീസ് വെടിയേറ്റു മരിച്ച ഡ്രൈവർ ശംസുദ്ദീൻ ജബ്ബാർ ഐ.എസ് അനുഭാവിയാണെന്നതിന്റെ തെളിവുകൾ എഫ്.ബി.ഐക്ക് ലഭിച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. അക്രമത്തിന് മുമ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോകളിൽ ഐ.എസിന്റെ ആശയങ്ങൾ തന്നെ സ്വാധീനിച്ചതായി ഇയാൾ പറയുന്നുണ്ട്. കൊല്ലാനുള്ള ആഗ്രഹവും ഇയാൾ പ്രകടിപ്പിച്ചിട്ടുണ്ട്. അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ആക്രമണത്തെ നിന്ദ്യവും നീചവുമെന്ന് വിശേഷിപ്പിച്ച ബൈഡൻ, ഗൂഢാലോചന ഉൾപ്പടെ വിശദമായി അന്വേഷിക്കുമെന്നും കൂട്ടിച്ചേർത്തു.

ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലാസ്വേഗാസിലെ ഹോട്ടലിന് മുന്നിൽ ടെസ്‍ല കമ്പനിയുടെ സൈബർട്രക് കാർ പൊട്ടിത്തെറിച്ച് ഡ്രൈവർ കൊല്ലപ്പെടുകയും ഏഴിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ധന കാനുകളും പടക്കവും നിറച്ച കാറാണ് പൊട്ടിത്തെറിച്ചത്. ട്രംപ് ഹോട്ടലിന്റെ കവാടത്തിലെ ഗ്ലാസ് ഡോറിന് മുന്നിൽ നിർത്തിയിട്ട കാറിൽ നിന്ന് പുക ഉയരുകയും പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.

Tags:    
News Summary - Biden on US truck attack and car bombing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.