കോട്ടയം: അക്ഷരങ്ങളെ കണ്ണീ൪ മറയ്ക്കുമ്പോഴും പരീക്ഷ പൂ൪ത്തിയാക്കി തന്നെ ഈ വിദ്യാ൪ഥിനി ഇറങ്ങി. സ്കൂളിന് പുറത്ത് ആശ്വാസവാക്കുമോതി കാത്തിരുന്ന ബന്ധുക്കൾക്കൊപ്പം പിതാവിൻെറ സംസ്കാര ചടങ്ങിന്. കോട്ടയം ബേക്ക൪ മെമ്മോറിയൽ സ്കൂളിൽ പ്ളസ്വൺ വിദ്യാ൪ഥിനിയായ പ്രതിഭയുടെ അച്ഛൻ കോട്ടയം മാങ്ങാനം മന്ദിരം കാരുവള്ളിൽ പീറ്റ൪ ജോൺ മരിച്ചത് ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ്.
മന്ദിരം ആശ്രമത്തിൻെറ സംഭാവന പിരിക്കാൻ പോകുമ്പോൾ ഹൃദയാഘാതം വന്നായിരുന്നു മരണം. ബുധനാഴ്ച ഉച്ചക്ക് രണ്ടിനാണ് സംസ്കാരം നിശ്ചയിച്ചത്. മക്കളുടെ പഠന കാര്യത്തിൽ നിഷ്ക൪ഷ പുല൪ത്തിയിരുന്നു പിതാവ്. മരണത്തിന് ശേഷവും ആ കരുതൽ അവഗണിക്കാൻ ഇളയ മകൾക്ക് കഴിഞ്ഞില്ല. സ്കൂളിൽ നിന്ന് മരണ വിവരം അറിഞ്ഞ് വീട്ടിലെത്തിയ അധ്യാപകരോടും പ്രതിഭ ഇതാവ൪ത്തിച്ചു -‘പരീക്ഷ എഴുതാൻ താൻ വരുമെന്ന്’. തുട൪ന്നാണ് മാതാവ് പൊന്നമ്മയുടെയും ബന്ധുക്കളുടെയും പിന്തുണയോടെ പ്രതിഭ ബുധനാഴ്ച രാവിലെ 10ന് പിതൃസഹോദരന് ഒപ്പം പരീക്ഷക്ക് എത്തിയത്. വിദ്യാ൪ഥിനിയുടെ ദു$ഖവാ൪ത്ത അറിഞ്ഞ അധ്യാപകരും പ്രതിഭയെ കാത്തിരുന്നു. വിഷമങ്ങൾ ഒന്നും കൂടാതെ പരീക്ഷ എഴുതിക്കാൻ. സ്കൂളിൽ എത്തിയപ്പോൾ അടുത്തുകൂടിയ സഹപാഠികളോട് ‘ഒന്നുകൂടി റിവിഷൻ നോക്കാ’മെന്ന് പ്രതിഭ പറഞ്ഞ് തീ൪ന്നതും കൂട്ടക്കരച്ചിലുയ൪ന്നു.പരീക്ഷ കഴിഞ്ഞ് പ്രതിഭ വീട്ടിൽ കാറിൽ വന്നിറങ്ങുമ്പോൾ ചടങ്ങുകൾ തുടങ്ങിയിരുന്നു,പിതാവിൻെറ സംസ്കാരത്തിന്. പൊട്ടിക്കരഞ്ഞ് കൊണ്ട് എത്തിയ കുട്ടിയെ ആശ്വസിപ്പിക്കാൻ എത്തിയവ൪ക്കാ൪ക്കും അതിന് കഴിഞ്ഞില്ല.സി.എം.എസ് കോളജിൽ നിന്ന് വിരമിച്ച ജീവനക്കാരനായിരുന്നു പീറ്റ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.