കരുത്തോടെ മലയാളം വിക്കി

2001 ജൂണ്‍ 15ന് അമേരിക്കക്കാരായ ജിമ്മി വെയില്‍സിന്‍െറയും ലാറി സാങ്ങറിന്‍െറയും നേതൃത്വത്തില്‍ തുടക്കംകുറിച്ച ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ് വിക്കിപീഡിയ. 286 ഭാഷകളിലായി 26 മില്യന്‍ ലേഖനങ്ങളുടെ മഹാസമാഹാരമാണ് ഇന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആറാമത്തെ വെബ്സൈറ്റ്. ഇംഗ്ളീഷില്‍ മാത്രം 4.2 മില്യന്‍ ലേഖനങ്ങളുള്ള വിക്കിപീഡിയക്ക് ഒരു ലക്ഷം ലേഖകരുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖകന്‍ നല്‍കുന്ന വിവരങ്ങളാണ് സാധാരണ വിജ്ഞാനകോശങ്ങളില്‍ ഉണ്ടാവുക. അതില്‍നിന്ന് ഭിന്നമായി, ആര്‍ക്കും വിവരങ്ങള്‍ നല്‍കാനും തിരുത്താനും സാധിക്കുന്നുവെന്നതാണ് വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രസക്തി. അതിനാല്‍തന്നെ, എപ്പോഴും സജീവമായി നില്‍ക്കുന്നു ആ വെബ്സൈറ്റ്. ലോകത്തെ ഏറ്റവും വലിയ റഫറന്‍സ് ലൈബ്രറിയായി ചുരുങ്ങിയ കാലംകൊണ്ട് അത് മാറിക്കഴിഞ്ഞു.

വൈജ്ഞാനിക രാഷ്ട്രീയത്തെക്കുറിച്ച ചര്‍ച്ചയില്‍ നിര്‍ണായക പദവിയാണ് വിക്കിപീഡിയക്കുള്ളത്. അറിവിന്‍െറ കുത്തകവത്കരണത്തിനെതിരെയുള്ള പ്രായോഗിക ചെറുത്തുനില്‍പായി അതിനെ കാണാം. ഒപ്പം, ജനകീയമായ വൈജ്ഞാനിക പങ്കുവെപ്പിന്‍െറ സംസ്കാരംകൂടിയാണ് വിക്കി പ്രതിനിധാനം ചെയ്യുന്നത്. തടിയന്‍ പുസ്തകങ്ങളുടെ ലോകത്തെ മടുത്തവര്‍ക്കുള്ള ആശ്വാസകേന്ദ്രം കൂടിയാണ് വിക്കി. പേര് സൂചിപ്പിക്കുന്നതുപോലെ, ഒരു വിഷയത്തെക്കുറിച്ച് പൊടുന്നനെ സംവാദാത്മകമായ വിവരങ്ങള്‍ നല്‍കുന്നുവെന്നതാണ് അതിന്‍െറ ആകര്‍ഷണം.

വിക്കിപീഡിയയുടെ മലയാളം എഡിഷന്‍ 2002 ഡിസംബര്‍ 21നാണ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം, മുപ്പതിനായിരത്തിലേറെ ലേഖനങ്ങള്‍ മലയാളം വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. ഏതെങ്കിലും വിഷയത്തില്‍ വെറുതെയൊരു ലേഖനം പ്രസിദ്ധീകരിക്കുന്നതിന് പകരം, വിശദ വിവരങ്ങളും തിരുത്തലുകളും (പേജ് ഡെപ്ത്) കൊണ്ട് സമ്പന്നമാണ് മലയാളം വിക്കിപീഡിയ. ഇംഗ്ളീഷ് കഴിഞ്ഞാല്‍ ഏറ്റവും പേജ് ഡെപ്ത് ഉള്ള വിക്കിപീഡിയ വെബ്സൈറ്റ് മലയാളം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ ഭാഷകളില്‍ ബംഗാളി വിക്കി, ലേഖനങ്ങളുടെ എണ്ണത്തിന്‍െറ കാര്യത്തില്‍ മലയാളത്തേക്കാള്‍ ഏറെ മുന്നിലാണെങ്കിലും പേജ് ഡെപ്ത് ഒട്ടുമില്ലാത്ത, എണ്ണം കൂട്ടാന്‍ വേണ്ടിയുള്ള കൊച്ചുകൊച്ചു ലേഖന തലക്കെട്ടുകളുടെ സമാഹാരം മാത്രമാണ്.

വിജ്ഞാനതല്‍പരരും കര്‍മോത്സുകരുമായ മലയാളി ചെറുപ്പക്കാരാണ് മലയാളം വിക്കിപീഡിയയെ ഈ വിധം സമ്പന്നമാക്കിയത്. തീര്‍ത്തും സൗജന്യസേവനമെന്ന നിലക്കാണ് അവര്‍ അതിലെ ലേഖനങ്ങള്‍ തയാറാക്കിയത്. മലയാളത്തിന്‍െറ വളര്‍ച്ചയെക്കുറിച്ച് നമ്മുടെ രാഷ്ട്രീയക്കാരും നിയമസഭയുമൊക്കെ കിടിലന്‍ ബഡായികള്‍ വിട്ടുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍തന്നെയാണ്, ഭരണകൂടത്തിന്‍െറ പ്രത്യേകമായ പ്രോത്സാഹനമോ പിന്തുണയോ ഇല്ലാതെതന്നെ, മലയാള ഭാഷയെ സൈബര്‍ ലോകത്ത് സജീവമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മലയാളി ചെറുപ്പക്കാര്‍ സജീവമായതെന്നത് അഭിമാനകരമായ കാര്യമാണ്. നമ്മുടെ ഭാഷയെ സൈബര്‍ ലോകത്തും സജീവമായ വ്യവഹാര ഭാഷയാക്കുന്നതില്‍ അത് വഹിച്ച പങ്ക് വളരെ വലുതാണ്. അജ്ഞാതരായ ആ ചെറുപ്പക്കാരെ അതിനാല്‍ നാം അഭിവാദ്യം ചെയ്യുക.

മലയാളം വിക്കിയുടെ കുതിപ്പിന്‍െറ വാര്‍ത്തകള്‍ വന്ന ദിവസം തന്നെയാണ് സമാനമായ മറ്റൊരു സന്തോഷവാര്‍ത്തയും പുറത്തുവന്നത്. ഓപണ്‍ സോഴ്സുകളും സ്വതന്ത്ര സോഫ്റ്റ്വെയറുകളും വികസിപ്പിക്കുന്നവര്‍ക്കുവേണ്ടി ഗൂഗ്ള്‍ എല്ലാ വര്‍ഷവും നടത്താറുള്ള സമ്മര്‍ കോഡ് പ്രോജക്ടിന്‍െറ സഹായക സംഘടനയായി സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനെ തെരഞ്ഞെടുത്തതാണ് ആ വാര്‍ത്ത. ഇന്‍റര്‍നെറ്റില്‍ മലയാളത്തെ സജീവമാക്കിയ മലയാളം യൂനിക്കോഡ് ജനകീയവത്കരിക്കുകയും ലളിതമാക്കുകയും ചെയ്ത സംഘമാണ് ഇവര്‍. ഓര്‍ക്കുക, അതും നമ്മുടെ ചെറുപ്പക്കാരുടെ അധ്വാനമേറിയ ഒരു മുന്‍കൈ ആയിരുന്നു. മലയാള ഭാഷക്കുവേണ്ടി ഫണ്ടുകള്‍ ഒപ്പിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്‍െറ സംഭാവനയായിരുന്നില്ല അത്. ചെറുപ്പക്കാര്‍ക്കൊന്നും മലയാളത്തില്‍ താല്‍പര്യമില്ല, ഹോ, മാതൃഭാഷ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നൊക്കെ വൃദ്ധ സാംസ്കാരികത പായാരം പറയുന്നതിനിടയിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക. സൈബര്‍ ലോകത്ത് നമ്മുടെ ഭാഷയെ ജീവസ്സുറ്റതാക്കി നിലനിര്‍ത്തുന്ന മുഴുവന്‍ വിവര പോരാളികളെയും ഈ സന്ദര്‍ഭത്തില്‍ അഭിവാദ്യം ചെയ്യുന്നു.

Tags:    
News Summary - History of malayalam wikipedia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.