കോഴിക്കോട്: സോളാ൪ തട്ടിപ്പുകേസിൽ പ്രതികളെ സംരക്ഷിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാ൪ച്ചിൽ സംഘ൪ഷം. ശക്തമായ കല്ളേറിൽ ആറ് പൊലീസുകാ൪ക്കും കല്ളെറിയുന്നതിനിടെ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ക്കും പരിക്കേറ്റു. കരിങ്കല്ലുകളും കുറുവടികളും ഉപയോഗിച്ച് ആക്രമിക്കപ്പെട്ടിട്ടും പൊലീസ് അനങ്ങാതിരുന്നതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഡി.വൈ.എഫ്.ഐ നേതാക്കൾ ചാടിവീണ് അണികളെ പിന്തിരിപ്പിച്ചതിനാൽ പരിക്കേറ്റ പൊലീസുകാരുടെ എണ്ണം കുറഞ്ഞു. രണ്ടു മൂന്നും കിലോ തൂക്കമുള്ള കരിങ്കൽ പ്രയോഗമേറ്റ് നിരവധി പൊലീസുകാരുടെ ഹെൽമറ്റ് മുഖകവചം ഛിന്നഭിന്നമായി. ജലപീരങ്കി, ബാരിക്കേഡ്, ടിയ൪ ഗ്യാസ് തുടങ്ങി സ൪വസന്നാഹങ്ങളുമായി നിലയുറപ്പിച്ച പൊലീസിന് മുകളിൽനിന്നുള്ള നി൪ദേശപ്രകാരം നിന്നിടത്തുനിന്ന് അനങ്ങാനായില്ല. കലക്ടറേറ്റ് വളപ്പിൽ നി൪ത്തിയിട്ടിരുന്ന ഏതാനും സ്വകാര്യ വാഹനങ്ങളുടെ വിൻഡ് ഗ്ളാസ് കല്ളേറിൽ തക൪ന്നു.
എരഞ്ഞിപ്പാലത്തുനിന്നാരംഭിച്ച മാ൪ച്ച് രാവിലെ 11.40ന് കലക്ടറേറ്റിനു മുന്നിൽ എത്തുമ്പോഴേക്കും ഒരുസംഘം യുവാക്കൾ പൊലീസിനുനേരെ ചീറിയടുക്കുകയായിരുന്നു. പ്രകടനത്തിൻെറ നിരതെറ്റിച്ച് മുന്നോട്ടുകുതിച്ച പ്രവ൪ത്തക൪ കരിങ്കല്ലും കുറുവടികളുമായി പൊലീസിനെ നേരിട്ടു. കലക്ടറ്റേ് ഗേറ്റിനു കുറുകെ നെടുനീളത്തിൽ സ്ഥാപിച്ച ‘മുള്ളുകമ്പി ബാരിക്കേഡ്’ മറിച്ചിടാനും ശ്രമമുണ്ടായി. കുറുവടിയുടെ സ്റ്റോക്ക് തീ൪ന്നതോടെ കലക്ടറേറ്റിനു മുന്നിലെ കൂറ്റൻ ഫ്ളക്സ് ബോ൪ഡുകൾ മറിച്ചിട്ട് പട്ടികക്കഷണങ്ങൾ ഇളക്കിയെടുത്തും ചവിട്ടിയൊടിച്ചും പൊലീസിനെ ആക്രമിച്ചു. 10 മിനിറ്റോളം ശക്തമായ ഏറ് തുട൪ന്നു. ഇതിനിടെ ഏറുകൊണ്ട് എ.ആ൪ ക്യാമ്പിലെ പൊലീസുകാരൻ അൻവ൪ സാദത്ത് (30) നിലത്ത് വീണു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി.എം. മുഹമ്മദ് നിയാസ്, ജില്ലാ നേതാക്കളായ വരുൺ ഭാസ്ക൪, സി.എം. ജംഷീ൪, ടി. നിഖിൽ, എസ്.കെ. സജേഷ് തുടങ്ങിയവൻ മുൻനിരയിലേക്ക് ഓടിക്കയറിയാണ് കല്ളെറിയുന്നവരെ പിന്തിരിപ്പിച്ചത്. ആരും കല്ളെറിയരുതെന്ന് മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടും ഇടക്കിടെ ഏറുണ്ടായി.
തുട൪ന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അഡ്വ. പി.എം. മുഹമ്മദ് റിയാസ് മാ൪ച്ച് ഉദ്ഘാടനം ചെയ്തു. ജനം ആഗ്രഹിക്കുന്ന പ്രക്ഷോഭം ഡി.വൈ.എഫ്.ഐ ഏറ്റെടുത്തിരിക്കുകയാണെന്നും രാജിവെച്ചൊഴിഞ്ഞില്ളെങ്കിൽ ഉമ്മൻചാണ്ടിയെ വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ളെന്നും റിയാസ് പ്രഖ്യാപിച്ചു. നിസ്സാര പ്രശ്നങ്ങളിൽ 10 മിനിറ്റുകൊണ്ട് ഡി.വൈ.എഫ്്.ഐ പ്രവ൪ത്തകരെ വീടുവളഞ്ഞ് പിടികൂടുന്ന പൊലീസിന് കോടികൾ തട്ടിയ സരിതയുടെ വീട് റെയ്ഡ് ചെയ്യാൻ രണ്ടാഴ്ച കാത്തിരിക്കേണ്ടിവന്നു. അതീവ സുരക്ഷയുള്ള വിജ്ഞാൻഭവനിൽ സരിത എങ്ങനെ കടന്നുവെന്നതിന് മുഖ്യമന്ത്രി മറുപടി പറയണം. സോളാ൪ വിഷയത്തിൽ വായതുറക്കാൻ രമേശ് ചെന്നിത്തല തയാറാവണം -റിയാസ് ആവശ്യപ്പെട്ടു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞയുടൻ പ്രവ൪ത്തക൪ വീണ്ടും കല്ലുകളുമായി പൊലീസിനെ നേരിട്ടു. ബാരിക്കേഡിനു മുകളിലേക്ക് ചാടിക്കയറിയ പ്രവ൪ത്തക൪ കുറുവടികളുമായി പൊലീസിനെ ആക്രമിച്ചു. നേതാക്കൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 20 മിനിറ്റോളം ഏറു തുട൪ന്നു. കല്ളേറിൽ നാല് പൊലീസുകാ൪ക്കുകൂടി പരിക്കേറ്റിട്ടും അനങ്ങില്ളെന്ന ‘വാശിയി’ലായിരുന്നു പൊലീസ്. ഒടുവിൽ കല്ല് തീ൪ന്നതോടെ പ്രവ൪ത്തക൪ പിന്തിരിഞ്ഞു.
കലക്ടറേറ്റിൻെറ പ്രധാന ഗേറ്റിനു മുന്നിൽ അക്രമം നടക്കുന്നതിനിടെ ഒരു സംഘം താഴെ സിവിൽ സ്റ്റേഷൻ ഗേറ്റിനു മുന്നിലും അക്രമം അഴിച്ചുവിട്ടു. ഇവിടെ കാവൽ നിന്ന പൊലീസിനുനേരെ മിനിറ്റുകളോളം ഏറുണ്ടായി. അരമണിക്കൂ൪ കലക്ടറേറ്റ് പരിസരത്തു ചുറ്റിപ്പറ്റിനിന്ന ശേഷം പ്രവ൪ത്തക൪ മടങ്ങിപ്പോയി. ഈ സമയമത്രയും വയനാട് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എൻ. രാജേഷ്, പ്രസിഡൻറ് അശ്വനി ദേവ്, പി.എം. ആതിര, കെ. സിനി, എസ്.കെ. സജേഷ് തുടങ്ങിയവ൪ മാ൪ച്ചിന് നേതൃത്വം നൽകി. ഡെപ്യൂട്ടി പൊലീസ് കമീഷണ൪ കെ.ബി. വേണുഗോപാൽ, നോ൪ത് അസി. കമീഷണ൪ പ്രിൻസ് എബ്രഹാം, സി.ഐമാരായ പി.കെ. സന്തോഷ്, പ്രകാശ് പടന്നയിൽ, കെ. ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സന്നാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.