സ്വപ്ന സാക്ഷാത്കാരം

മഡ്രിഡ്: വമ്പൻ താരങ്ങളുടെ കളിത്തൊട്ടിലായ റയൽ മഡ്രിഡിൻെറ അലെവിൻ എ ടീമിൽ ഇടം നേടിയതിൻെറ ത്രില്ലിലാണ് മറുനാടൻ മലയാളി പയ്യനായ ജോഷ്വ പൈനാടത്ത്. ലോകോത്തര ക്ളബുകളായ ബാഴ്സലോണയിൽ നിന്നും റയലിൽ നിന്നും ജോഷ്വക്ക് വിളി വന്നിരുന്നു. ഒടുവിൽ ഈ 11കാരൻ തെരഞ്ഞെടുത്തത് ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന റയലിനെ. അമേരിക്കയിൽ ജനിച്ചുവള൪ന്ന ജോഷ്വാ റയലിൻെറ ഫുട്ബാൾ അക്കാദമിയിൽ പന്തുതട്ടാനിറങ്ങുമ്പോൾ അന്നാട്ടുകാ൪ ആഹ്ളാദത്തിലാണ്. റയൽ മഡ്രിഡ് എന്ന വമ്പൻ ക്ളബിൻെറ ഏഴയലത്തു പോലും ഒരു അമേരിക്കക്കാരൻ ഇതുവരെ എത്തിനോക്കിയിരുന്നില്ല. ഇന്ത്യൻ വംശജൻ റയലിൻെറ അക്കാദമിയിൽ ചേരുന്നതും ആദ്യമായാണ്. മകൻെറ സ്വപ്നം സാക്ഷാത്കരിച്ചെന്നാണ് അമ്മ ജാക്കി പൈനാടത്ത് പറഞ്ഞത്. ഒരുവ൪ഷം നീളുന്ന അക്കാദമിയിലെ പരിശീലനത്തിൽ മകന് പിന്തുണയുമായി ജാക്കിയും കുടുംബവും ഈ മാസം അവസാനം കാലിഫോ൪ണിയയിൽ നിന്ന് മഡ്രിഡിലേക്ക് താമസം മാറും.
അക്കാദമിയിലേക്ക് തെരഞ്ഞെടുത്ത വിവരമറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന്  ജോഷ്വ പറഞ്ഞു. അമേരിക്കയിൽ ഡി അൻസാ ഫോഴ്സ് ടീമിൽ കളിക്കുമ്പോൾ ടീമധികൃത൪ റയൽ മഡ്രിഡിലേക്ക് അയച്ചുകൊടുത്ത വീഡിയോ ദൃശ്യമാണ് ജോഷ്വയുടെ കളിജീവിതം മാറ്റിമറിച്ചത്. റയലിനൊപ്പം ബാഴ്സയിലും ഈ കുഞ്ഞുപയ്യൻ ട്രയൽസിനെത്തിയിരുന്നു. 17 ദിവസം ബാഴ്സയുടെ അക്കാദമിയിലുണ്ടായിരുന്ന ജോഷ്വ ഒടുവിൽ സ്വീകരിച്ചത് ബാഴ്സയുടെ എതിരാളികളുടെ ക്ഷണം. രണ്ടാമത്തെ ട്രയൽസിന് ശേഷമാണ് റയൽ ഈ താരത്തെ തെരഞ്ഞെടുത്തത്. റയലിൻെറ അക്കാദമിയിൽ വീട്ടിലെപ്പോലുള്ള അന്തരീക്ഷമാണെന്ന് പയ്യൻ പറയുന്നു. രണ്ടാമത്തെ ട്രയൽസായിരുന്നു കടുപ്പം. ഒരു മത്സരത്തിൽ റയലിൻെറ ജഴ്സിയണിഞ്ഞ് ഗോൾ നേടിയതും മറ്റാരുമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.