സീറോ ബജറ്റ് മാലിന്യ സംസ്കരണം സംസ്ഥാന തലത്തിലേക്ക്

കോഴിക്കോട്: പ്ളാസ്റ്റിക് മാലിന്യ സംസ്കരണത്തിന് കോഴിക്കോട്ടെ നിറവ് റസിഡൻറ്സ് അസോസിയേഷൻ രൂപപ്പെടുത്തിയ സീറോ ബജറ്റ് പ്ളാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി സംസ്ഥാനതലത്തിലേക്കും വ്യാപിപ്പിക്കുന്നു. പരിസ്ഥിതി പ്രവ൪ത്തക കൂട്ടായ്മയായ ഗ്രീൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഏഴു വ൪ഷമായി വേങ്ങേരിയിൽ വിജയകരമായി നടപ്പാക്കുന്ന പദ്ധതി എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത സ്കൂളുകളിലേക്ക് എത്തിക്കുന്നത്.  തുട൪ന്ന് സംസ്ഥാനത്താകെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പുരയിടത്തിലും മറ്റും  വലിച്ചെറിയുന്ന പ്ളാസ്റ്റിക് കവറുകൾ, കുപ്പികൾ, മറ്റു പ്ളാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവ ശേഖരിച്ച് കഴുകി ഉണക്കി  സഞ്ചികളിൽ സൂക്ഷിക്കുന്നതാണ് ആദ്യ ഘട്ടം.  ഇവ പ്രത്യേക ദിവസം ഒരു സ്ഥലത്ത് ശേഖരിച്ച് സമീപത്തെ പ്ളാസ്റ്റിക് റീസൈക്ളിങ് യൂനിറ്റിൽ എത്തിക്കും. ഒരു കിലോ പ്ളാസ്റ്റിക്കിന് മൂന്നു മുതൽ 10 രൂപ  വരെ വില കിട്ടും. വണ്ടിച്ചാ൪ജ് കൊടുത്താലും പണം ബാക്കിയാവും. ഇങ്ങനെ ചെലവില്ലാതെ പ്ളാസ്റ്റിക് വീടുകളിൽനിന്നും പറമ്പുകളിൽനിന്നും നി൪മാ൪ജനം ചെയ്യുന്നതാണ് പദ്ധതി. പരിസ്ഥിതി സംഘടനകൾ, സ്കൂൾ അധ്യാപക-രക്ഷാക൪തൃ സമിതികൾ, റസിഡൻറ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. നവംബ൪ ഒന്നിന് കേരളപ്പിറവി ദിനത്തിൽ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴ ജില്ലയിലെ ലിയോ X111 ഹയ൪സെക്കൻഡറി സ്കൂളിൽ നടക്കും. സംസ്ഥാനത്തെ 25 സ്കൂളുകളിലും അന്ന് പ്ളാസ്റ്റിക് ശേഖരിക്കും. ഡിസംബ൪ 31, മേയ് 31, ആഗസ്റ്റ് ഒന്ന്, ഒക്ടോബ൪ രണ്ട് എന്നീ ദിവസങ്ങളിൽ എല്ലാ വ൪ഷവും പ്ളാസ്റ്റിക് ശേഖരണം നടക്കും. വിദ്യാ൪ഥികളിലൂടെ സമൂഹത്തിന് മാലിന്യമുക്ത കേരളം സന്ദേശം നൽകുകയാണെന്ന് വാ൪ത്താ സമ്മേളനത്തിൽ പ്രഫ. ശോഭീന്ദ്രൻ പറഞ്ഞു. ഷൗക്കത്തലി നെരോത്ത്, ബാബു പറമ്പത്ത്, ബാലകൃഷ്ണൻ, പ്രമോദ് മണ്ണടത്ത്, ശ്രീലത എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.