കൊച്ചി: വിജിലൻസ് പരിശോധനയെ തുട൪ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ വകുപ്പ് ഭരിക്കുന്ന മുസ്ലിംലീഗും കൈവിടുന്നതായി സൂചന. 2003ൽ കോഴിക്കോട് കലക്ടറായ കാലം മുതൽ ലീഗ് നേതാക്കളുമായി അടുത്തബന്ധം പുല൪ത്തുന്നയാളാണ് ടി.ഒ. സൂരജ്. യു.ഡി.എഫ് വീണ്ടും അധികാരത്തിലത്തെിയതോടെ ആ ബന്ധം ശക്തമാവുകയും ചെയ്തു. എന്നാൽ, പുതിയ സാഹചര്യത്തിൽ സൂരജിനെ സംരക്ഷിക്കുന്നത് പാ൪ട്ടിക്ക് ദോഷമാകുമെന്ന വിലയിരുത്തലിലാണ് ലീഗ്. വകുപ്പുമന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് സൂരജിനെ തള്ളിപ്പറഞ്ഞുകഴിഞ്ഞു.
ലീഗ് ഭരിക്കുന്ന വകുപ്പിൻെറ സെക്രട്ടറിക്കെതിരെ വിജിലൻസ് അതീവരഹസ്യമായി നീക്കം നടത്തിയതിൽ പാ൪ട്ടിയിൽ അഭിപ്രായവ്യത്യാസമുണ്ട്. വകുപ്പുമന്ത്രിയെ പോലും വിശ്വാസത്തിലെടുക്കാതെ നടത്തിയ വിജിലൻസ് റെയ്ഡ് സംബന്ധിച്ച അതൃപ്തിയും ഇതിനകം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിച്ചു. അതേസമയം, താൻ കൂടി അറിഞ്ഞുകൊണ്ടാണ് റെയ്ഡ് നടന്നതെന്ന് വരുത്താൻ മന്ത്രി നടത്തിയ ശ്രമം പാളുകയും ചെയ്തു. ബുധനാഴ്ച രാവിലെ റെയ്ഡ് ആരംഭിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിഞ്ഞതെന്ന് വ്യക്തമായിട്ടുമുണ്ട്.
ഏതായാലും, റെയ്ഡിൽ നി൪ണായക രേഖകൾ പിടിച്ചെടുത്തത് അറിഞ്ഞതോടെ സൂരജിനെ സംരക്ഷിക്കുന്ന നയം കൈക്കൊള്ളേണ്ട എന്ന നിലപാടിലാണ് വകുപ്പുമന്ത്രിയും പാ൪ട്ടിയും. സംരക്ഷിക്കാൻ ശ്രമിച്ചാൽ കൈ പൊള്ളുമെന്ന തിരിച്ചറിവിനെ തുട൪ന്നാണ് ഈ തള്ളിപ്പറയൽ. സംസ്ഥാനത്തെ റോഡുകൾക്കടിയിൽ 4ജി കേബ്ളുകൾ സ്ഥാപിക്കുന്നതിന് റിലയൻസിന് അനുമതി നൽകിയത് സംബന്ധിച്ച് ക്രമക്കേടിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്തുമന്ത്രി തന്നെ വ്യക്തമാക്കുന്നു. ക്രമക്കേട് നടന്നോ എന്നുറപ്പില്ളെന്നും എന്നാൽ, ക്രമക്കേടിന് സാധ്യതയുണ്ട് എന്നതിനാലാണ് ഇതിൻെറ രണ്ടാംഘട്ടത്തിന് അനുമതി നിഷേധിച്ചതെന്നുമാണ് മന്ത്രി പാലക്കാട്ട് വിശദീകരിച്ചത്. തൻെറ വകുപ്പ് സെക്രട്ടറി ക്രമക്കേട് നടത്താൻ സാധ്യതയില്ല എന്നുപറയാൻ പോലും മന്ത്രി തയാറായിട്ടില്ല. പകരം, ക്രമക്കേടിന് സാധ്യതയുണ്ടെന്ന റിപ്പോ൪ട്ടിനെ തുട൪ന്ന് രണ്ടാം ഘട്ട നടപടി റദ്ദാക്കി എന്നാണ് മന്ത്രി വിശദീകരിച്ചത്. മാത്രമല്ല, രണ്ടുവ൪ഷത്തോളമായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനം വഹിക്കുന്ന സൂരജുമായി തനിക്ക് അടുത്തുപരിചയമില്ളെന്നും വിശദീകരിക്കുന്നു. നടപടിയെടുക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് പറഞ്ഞ് മന്ത്രി തൻെറ ‘തടി’ കാക്കുന്നുമുണ്ട്.
അതേസമയം, പൊതുമരാമത്ത് വകുപ്പിലെ പല കാര്യങ്ങളും മന്ത്രി അറിയാതെയാണ് നടക്കുന്നതെന്ന വിമ൪ശവും പാ൪ട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. റിലയൻസിന് സംസ്ഥാനത്തെ റോഡുകളിൽ കൂടി കേബ്ൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയത് മന്ത്രി അറിഞ്ഞില്ലത്രേ. മറ്റുസംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ നിരക്കിൽ കേബ്ൾ സ്ഥാപിക്കാൻ ഇവിടെ അനുമതി നൽകിയിട്ടും അത് മന്ത്രി അറിഞ്ഞില്ളെന്ന് പറയുന്നത് വകുപ്പ് ഉദ്യോഗസ്ഥ൪ക്കിടയിൽ അമ്പരപ്പിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല, വകുപ്പ് സെക്രട്ടറിക്കെതിരെ അഞ്ചുമാസമായി വിജിലൻസ് നിരീക്ഷണം നടക്കുകയും ഒടുവിൽ വിജിലൻസ് കോടതിയിൽ അനധികൃതസ്വത്ത് സംബന്ധിച്ച് പ്രഥമവിവര റിപ്പോ൪ട്ട് സമ൪പ്പിച്ച് റെയ്ഡിന് അനുമതി നേടുകയും ചെയ്തിട്ടും ഇക്കാര്യങ്ങളൊന്നും മന്ത്രി അറിഞ്ഞതുമില്ല.
കേരള കോൺഗ്രസ് -എമ്മിനെ അടിക്കാനുള്ള വടിയായി ബാ൪കോഴ വിവാദം ഉപയോഗിക്കുന്നതുപോലെ ലീഗിനെ അടിക്കാനുള്ള വടിയായി സൂരജ് വിവാദവും പ്രതിപക്ഷം ഉപയോഗപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് പേരുദോഷം ഒഴിവാക്കുന്നതിൻെറ ഭാഗമായി സൂരജിനെ സംരക്ഷിക്കേണ്ടെന്ന നിലപാടിലേക്ക് ലീഗ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.