??????? ??????? ??????????????? ??????? ????? ?????????????????? ???????????????????????? ????????? ???????????????? ??? ??????????

കാലം മായ്ക്കാത്ത മുഖത്തെഴുത്തുകള്‍

തനിമചോരാത്ത കടുംനിറമുള്ള മുഖത്തെഴുത്താണ് സ്കൂള്‍ കലോത്സവം. യൗവനത്തിലേക്കുള്ള യാത്രയില്‍, ഒരു തലമുറ അവരുടെ കലയും ജീവിതവും തിടമ്പേറ്റുന്ന ഏഴു നാളത്തെ ഉത്സവം. പൊട്ടിവിടരുന്ന കിനാവുകളും പൊട്ടിത്തകര്‍ന്ന കനവുകളും ഇഴപിരിയാത്ത നാളുകള്‍. അരങ്ങില്‍നിന്ന് അണിയറയിലേക്ക് മടങ്ങിയവരുടെ ശേഷിപ്പും  കലയുടെ നെറുകയിലേക്ക് നടന്നുകയറുന്നവരുടെ ചിരിയും അതില്‍ കാണാം. അത്തരമൊരു ചിരിയും കരച്ചിലുമാണ് 2001ല്‍ നടന്ന സംസ്ഥാന കലോത്സവത്തിലേക്കുള്ളൊരു മടക്കയാത്രയില്‍ ഓര്‍മയില്‍ വരുന്നത്.

ഈ നൂറ്റാണ്ടിലെ ആദ്യ സംസ്ഥാന കലോത്സവം എന്നതിനൊപ്പം മറ്റു ചില പ്രത്യേകതകൂടിയുണ്ട് ആ തൊടുപുഴ മേളക്ക്. ഇടുക്കിയില്‍ നടക്കുന്ന ആദ്യ സംസ്ഥാന കലോത്സവമായിരുന്നു അത്. അന്ന് തൊടുപുഴയാറിന്‍െറ തീരത്ത് ഒരു പെണ്‍കുട്ടി ഒഴുക്കിയ കണ്ണീരില്‍ക്കൂടിയുമാവാം തിലക, പ്രതിഭ പട്ടങ്ങള്‍ ഒഴുകിപ്പോയത്.
അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.ജെ. ജോസഫിന്, തന്‍െറ നാട്ടുകാരെ ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവം കാണിക്കണം എന്ന ആഗ്രഹത്തില്‍നിന്നാണ് വേദിയായി തൊടുപുഴ മാറുന്നത്. പരിമിതസൗകര്യങ്ങളില്‍, എങ്ങനെ ഇത്രയും വലിയൊരു മേളയെ തൊടുപുഴ ഉള്‍ക്കൊള്ളുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ എവിടെയുമെന്നപോലെ കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടങ്ങുന്ന സംസ്ഥാനത്തിന്‍െറ ആ പരിച്ഛേദത്തെ തൊടുപുഴയും അവിടത്തെ ജനങ്ങളും അക്ഷരാര്‍ഥത്തില്‍ എതിരേറ്റു. ആര്‍ക്കും ഒന്നിനും ഒരു കുറവുമുണ്ടായില്ല. എല്ലാം സമംഗളം അവസാനിക്കുമെന്ന നിലയിലായിരുന്നു അവസാന ദിവസത്തെ അവസാന മണിക്കൂര്‍വരെയും. കലോത്സവത്തിലെ രാജകുമാരനും രാജകുമാരിയുമാണ് കലാപ്രതിഭയും കലാതിലകവും. അവസാന ദിവസമാണ് അവരുടെ സ്ഥാനാരോഹണം.

ഒടുവിലത്തെ ഇനങ്ങളിലൊന്നായ മോണോആക്ടായിരുന്നു കലാതിലകത്തെ നിശ്ചയിക്കുന്ന ‘വിധിനിര്‍ണായക’ മത്സരം. വിജയിയെ  പ്രഖ്യാപിച്ചതോടെ, എല്ലാം പെട്ടെന്നായിരുന്നു... ആകെ പ്രശ്നം, ബഹളം. പത്രപ്രവര്‍ത്തകരും ഫോട്ടോഗ്രാഫര്‍മാരും ഓടിയത്തെുന്നു... ഇന്നത്തേതുപോലെ ചാനല്‍പ്രളയമില്ല. എല്ലാവരും പത്രക്കാരെ വിളിക്കാന്‍ പറയുന്നു... അവരുടെയടുത്തേക്ക് ഓടിയത്തെുന്നു... തുടര്‍ന്ന് നടന്നത് ‘‘ഞാന്‍ കരഞ്ഞൂ, ഞാനേ കരഞ്ഞൂള്ളൂ’’ എന്ന മട്ടില്‍ ഒരു പൊട്ടിക്കരച്ചിലാണ്. ‘‘ആ കുട്ടി ഒന്നും ചെയ്തിട്ടില്ല, എല്ലാവരും പറഞ്ഞതാണത്. ഫിലിംസ്റ്റാര്‍ ആയതുകൊണ്ടുമാത്രമാണ് ആ കുട്ടിക്ക് ഫസ്റ്റ് കിട്ടിയത്...’’ ഒന്നാം സ്ഥാനവും അതിലൂടെ കലാതിലകപ്പട്ടവും നഷ്ടമായ ആ കരച്ചിലിന്‍െറ ഉടമ ആലപ്പുഴയെ പ്രതിനിധാനംചെയ്തത്തെിയ ധന്യാനായരായിരുന്നു.

നടിയായതുകൊണ്ട് ഒന്നാം സ്ഥാനം കിട്ടിയെന്ന് ആരോപിക്കപ്പെട്ടയാള്‍ കൊല്ലത്തുനിന്നത്തെിയ അമ്പിളീദേവിയും. അന്ന് ബാലതാരമായി ശ്രദ്ധിക്കപ്പെട്ടുവരുന്ന അമ്പിളീദേവി അങ്ങനെ കലാതിലകമായി. അന്നത്തെ ധന്യാനായരെ പിന്നെ കേരളമറിഞ്ഞത് നവ്യാനായര്‍ എന്ന നടിയായിട്ടാണ്. അമ്പിളീദേവി സിനിമയില്‍ അത്ര പ്രശസ്തയാകാത്തത് പിന്നത്തെ കാര്യം.  അരങ്ങിലെ മത്സരത്തേക്കാള്‍ അണിയറയിലെ മത്സരം ശക്തിപ്പെടുകയും കലോത്സവം ഉത്സവത്തില്‍നിന്ന് കലാപത്തിലേക്ക് മാറുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു 2015ഓടെ തിലക, പ്രതിഭ പട്ടങ്ങള്‍ വേണ്ടെന്നുവെച്ചത്. തുടര്‍ന്നാണ് ഗ്രേഡിങ് വന്നത്. അതോടെ എല്ലാം ശുഭമാകുമെന്നാണ് കരുതിയത്. എന്നാല്‍, പിടിച്ചതിനേക്കാള്‍ വലുത് മാളത്തിലുണ്ട് എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. കുട്ടികളും രക്ഷാകര്‍ത്താക്കളും അധ്യാപകരുമൊക്കെയാണ് സാധാരണ ഗതിയില്‍ ഈ മത്സരത്തില്‍ പങ്കാളികളാകേണ്ടത്. അതില്‍ മാധ്യമങ്ങള്‍കൂടി ചേര്‍ന്നതാണ് മത്സരം ‘കടുത്തതാകാന്‍’ കാരണം. ഗ്രേഡിങ് ഏര്‍പ്പെടുത്തിയതോടെ സാധാരണ ഗതിയില്‍ അതിനെ അതിന്‍െറ പാട്ടിനു വിട്ടാല്‍ മതിയായിരുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്ക് അതുപോരാ. ഗ്രേഡിങ്ങിലെ മാര്‍ക്കില്‍ ആരാണ് ഒന്നാമത് എന്നായി അന്വേഷണം. അത് കണ്ടത്തെിയപ്പോള്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടുന്നവരെ തേടിയായി അടുത്ത യാത്ര... പേരിടാത്തൊരു തിലകവും പ്രതിഭയുമാണ് സത്യത്തില്‍ ഇവര്‍.

ഇതിനിടെയാണ് ‘സെറ്റി’ടാന്‍ പിള്ളേരെയും പിടിച്ചുള്ള ഓട്ടം. സ്വര്‍ണക്കപ്പിന്‍െറ പിടി ഒടിക്കലില്‍വരെയത്തെി ഒരിക്കല്‍ ഈ മാധ്യമമത്സരം. എല്ലാ അരുതാചിന്തകള്‍ക്കും ഉപരിയായി കേരളത്തിന്‍െറ ഉത്സവമാണ് സ്കൂള്‍ കലോത്സവം എന്നത് കാലം മായ്ക്കാത്ത സത്യം. പക്ഷേ, അതിന്‍െറ മുഖത്തെഴുത്തില്‍ കുത്തിവര നടത്തുന്നതില്‍  ആരും പിന്നിലല്ല.

Tags:    
News Summary - kalolsavam 2017 navya nair, ambili devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.