അക്ഷരം അഗ്നിയില്‍ അലിയിച്ച് സ്വാഗതഗാനം

കണ്ണൂര്‍: കലയുടെയും കണ്ണൂരിന്‍െറയും ചരിത്ര വര്‍ത്തമാനങ്ങളിലേക്ക് വെളിച്ചംവീശി സ്വാഗതഗാനം. നിറമുള്ള കലോത്സവത്തിന് ഹൃദയഹാരിയായ തുടക്കം. 57 സംഗീതാധ്യാപകരും വേദിയില്‍ 77 കലാകാരന്മാരും കൈമെയ് മറന്നപ്പോള്‍ തിങ്ങിനിറഞ്ഞ സദസ്സിനും മനംനിറഞ്ഞു. ‘‘അക്ഷരമഗ്നിയിലലിയിച്ചറിവിന്‍-നീലാകാശം തേടും പറവകള്‍, അനന്തനക്ഷത്രങ്ങള്‍ വിളക്കായ് നിറകതിര്‍ ചൊരിയും മനസ്സില്‍’’ എന്നു തുടങ്ങുന്നതായിരുന്നു സ്വാഗതഗാനം.

വരികള്‍ സുന്ദരഗീതമായി ഒഴുകിയപ്പോള്‍ വേദിയിലേക്ക് സംഘനര്‍ത്തകര്‍ ചുവടുവെച്ചൊഴുകി. പിന്നാലെ മോഹിനികളും കഥകളിക്കാരും പൂരക്കളിയും തിരുവാതിരക്കളിയും ഒപ്പനയും മാര്‍ഗംകളിയുമെല്ലാം വേദിയില്‍ നിറഞ്ഞാടി. ഹെര്‍മന്‍ ഗുണ്ടര്‍ട്ടും പഴശ്ശിരാജയും വേദിയിലത്തെി. 10 മിനിറ്റിലധികം നീണ്ട വിസ്മയ നിമിഷങ്ങള്‍ക്കൊടുവില്‍, 57ാമത് കലോത്സവത്തെ വരവേറ്റുള്ള എഴുത്തുകളും വേദിയില്‍ ഉയര്‍ന്നതോടെ നിറഞ്ഞ കൈയടികളോടെ കണ്ണൂര്‍ സന്തോഷം വരവുവെച്ചു.

ചിറക്കല്‍ രാജാസ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ഡോ. എ.എസ്. പ്രശാന്ത് കൃഷ്ണന്‍ രചിച്ച ഗാനം വിവിധ വിദ്യാലയങ്ങളിലെ 57 സംഗീതാധ്യാപകരാണ് ആലപിച്ചത്. സംഗീതസംവിധാനം നിര്‍വഹിച്ചത് കോട്ടയം രാജാസ് എച്ച്.എസിലെ അധ്യാപകനും കെ. രാഘവന്‍ മാസ്റ്ററുടെ ശിഷ്യനുമായ എ.എം. ദിലീപ്കുമാറാണ്. നയന്‍താര മഹാദേവനും ഐ. വിനോദ്കുമാറുമാണ് നൃത്തസംവിധാനം. സെന്‍റ് തെരേസാസ്, സെന്‍റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ് കണ്ണൂര്‍, സി.എച്ച്.എം. എച്ച്.എസ്.എസ് എളയാവൂര്‍, ചിറക്കല്‍ രാജാസ് സ്കൂള്‍, അരോളി സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ വേഷമിട്ടു.

 

Tags:    
News Summary - kalolsavam ks chithra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.