വേഷപ്രച്ഛന്നരായി വിജിലന്‍സ് തെളിവ് കിട്ടിയാല്‍ ഉടന്‍ അറസ്റ്റ്

കണ്ണൂര്‍: കലോത്സവത്തില്‍ ക്രമക്കേടിന് പ്രത്യക്ഷ തെളിവ് കിട്ടിയാല്‍ ഉടന്‍ വിധികര്‍ത്താക്കളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടിയുമായി വിജിലന്‍സ്. മുന്‍കാലങ്ങളില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടിട്ടും വിധികര്‍ത്താക്കളെ കരിമ്പട്ടികയില്‍പെടുത്തുകയല്ലാതെ നിയമനടപടികളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇനിയുള്ള കലോത്സവങ്ങളിലേക്ക് വിളിക്കില്ല എന്നല്ലാതെ വിധികര്‍ത്താവിന് ദോഷം ഉണ്ടാവാറില്ല. രഹസ്യസ്വഭാവമുള്ളതിനാല്‍ കരിമ്പട്ടികയില്‍പെട്ട ആളിന്‍െറ പേരും പുറത്താകാറില്ല. എന്നാല്‍, ഈ രീതി വിട്ട് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടാല്‍, ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ട വിധികര്‍ത്താക്കളെയും ജില്ല കലോത്സവങ്ങളിലായി ഒമ്പതു വിധികര്‍ത്താക്കളെയും ഡി.പി.ഐ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കില്‍ ഇവരൊക്കെ അറസ്റ്റിലാകും.
 വലിയ കള്ളക്കളികള്‍ നടക്കുന്നതായി ജില്ല കലോത്സവങ്ങളിലെ അനുഭവംവെച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. ഒരു ഡിവൈ.എസ്.പിയെയും എഴുപതോളം ഉദ്യോഗസ്ഥരെയും ഇതിനായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിജിലന്‍സിന്‍െറ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിഭാഗവും എം. സെല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.
കലോത്സവവേദികളില്‍ വേഷപ്രച്ഛന്നരായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തും. വിധികര്‍ത്താക്കളും കര്‍ശന നിരീക്ഷണത്തിലാണ്. മേളയുടെ സമയങ്ങളില്‍ അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഡ്രൈവറും സഹായിയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാകും. ഒപ്പം വിധികര്‍ത്താക്കള്‍ ആരുമായി ബന്ധപ്പെടുന്നുവെന്ന കാര്യവും നിരീക്ഷിക്കും.

 

Tags:    
News Summary - kalolsavam vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.