പ്രകൃതി സൗഹൃദ സന്ദേശമായി അമ്മമാര്‍ ‘വല്ലം’ മടഞ്ഞു

കണ്ണൂര്‍: കേരള സ്കൂള്‍ കലോത്സവം തിങ്കളാഴ്ച അരങ്ങേറുന്ന പ്രധാനപന്തലില്‍ നാല്‍പത് മുതല്‍ എഴുപത് വയസ്സ് വരെയുള്ള 28ഓളം സ്ത്രീകള്‍ പച്ചോലകൊണ്ട് വല്ലംമടഞ്ഞു. ഗതകാലത്തെ അനുസ്മരിച്ച് കലോത്സവപ്പന്തലില്‍ ഒത്തുകൂടിയ അമ്മമാര്‍  ഒന്നരമണിക്കൂറിനകം തീര്‍ത്തത് നൂറോളം വല്ലം.
കലോത്സവ നഗരിയില്‍ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കുന്നത് ഇതിലായിരിക്കും.

കലോത്സവ ചരിത്രത്തിലാദ്യമായി  ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് പ്രത്യേകം കമ്മിറ്റി രൂപം നല്‍കിയ നടപടികളിലൊന്നായിരുന്നു വല്ലംമടയല്‍ മത്സരം.
മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കണ്ണൂര്‍ കോര്‍പറേഷന്‍ അംഗം പ്രേമിക്ക് വയസ്സ് 51. വീട്ടിലെ ചപ്പുചവറുകള്‍ ശേഖരിച്ച് കത്തിക്കുന്നതിന് ഓലവെട്ടി വല്ലം മടഞ്ഞ് ശീലിച്ച അമ്മയുടെ ആ മകളും  ഇതില്‍ വൈദഗ്ധ്യം നേടി. മറന്നുപോകാതിരിക്കാനും തലമുറക്ക് പാഠമാകാനുമാണ് മത്സരിച്ചതെന്ന് പ്രേമി പറഞ്ഞു. പറശ്ശിനിയിലെ 64കാരിയായ വിലാസിനി ഒന്നരമണിക്കൂറിനകംതന്നെ മൂന്ന് വല്ലം മടഞ്ഞു.

 പ്രായം 71 പിന്നിട്ട പടന്നപ്പാലത്തെ നന്ദിനിയായിരുന്നു മത്സരത്തിലെ ഹീറോ. നാട് ചുറ്റി പച്ചോല വാങ്ങി വീട്ടിന് ഓലമടഞ്ഞു പാകിയ ഗതകാല ഓര്‍മയുമായാണ് നന്ദിനി  എത്തിയത്. ‘‘എനിക്കിപ്പോള്‍ ഓട്മേഞ്ഞ വീടാണ്. എന്നാലും ഓലമേഞ്ഞകാലം മറക്കാനാവില്ല.
 ഈ വല്ലംകൊണ്ടാ ഞാനും കുടുംബവും ഒരുകാലം ജീവിച്ചത്’’ -മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ നന്ദിനി പറഞ്ഞു.വീടുകളില്‍ ഓലമടഞ്ഞും  വല്ലം മടഞ്ഞും വിറ്റുവളര്‍ന്ന അമ്മയുടെ ഓര്‍മയുമായി പയ്യോളിക്കാരിയായ പാപ്പിനിശ്ശേരിയിലെ ശോഭനയാണ് പ്രഫഷനല്‍ രീതിയില്‍ നിശ്ചിതസമയത്തിനുള്ളില്‍ ആദ്യത്തെ മൂന്ന് വല്ലം മടഞ്ഞുതീര്‍ത്തത്.

പക്ഷേ, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരുടെ ജഡ്ജിങ് മാനദണ്ഡമനുസരിച്ച് ഭംഗിയും ഒതുക്കവും ഉള്ളതിനുള്ള പരിഗണനയില്‍ സമ്മാനം അകലെയായി.
വല്ലം മടയാന്‍ ആണ്‍തരിയില്ലാത്ത പിഴവ് തിരുത്താന്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ. മോഹനനും ഒരു വല്ലം മടഞ്ഞു. മത്സരം കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത ഉദ്ഘാടനംചെയ്തു. ഡി.പി.ഐ കെ.വി. മോഹന്‍കുമാര്‍, എ.ഡി.പി.ഐ ജെസിജോസഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.കെ. രാഗേഷ് തുടങ്ങിയവര്‍ മത്സരം വീക്ഷിച്ചു. ഗ്രീന്‍ പ്രോട്ടോകോള്‍ കണ്‍വീനര്‍ സി.വി.കെ. മുഹമ്മദ് റിയാസ് സ്വാഗതം പറഞ്ഞു.  

 

Tags:    
News Summary - kerala school festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.