മാരാരിക്കുളം (ആലപ്പുഴ): വീടിന് സമീപം കടലിനോട് ചേർന്ന പൊഴിയിൽ വീണ് സഹോദരങ്ങളായ കുട്ടികൾ മുങ്ങി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15ാം വാർഡ് ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്‍റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ഓമനപ്പുഴ ഓടാപൊഴിയിലായിരുന്നു അപകടം.
അയൽവാസികളായ കുട്ടികളോടൊപ്പം കടപ്പുറത്ത് കളിക്കുന്നതിനിടെയാണ് ഇവർ പൊഴിയിൽ ഇറങ്ങിയത്. കുട്ടികൾ മുങ്ങുന്നത് കണ്ട് കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് സമീപത്തെ വീടുകളിലുണ്ടായിരുന്ന ബന്ധുക്കൾ ഓടിയെത്തി മുങ്ങിയെടുക്കുകയായിരുന്നു. ഉടൻ ചെട്ടികാട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തോടും കടലും ചേരുന്ന ഭാഗമാണ് പൊഴി. കടലിന്‍റെ ഭാഗത്ത് മണ്ണടിഞ്ഞ് കിടക്കുകയാണ്. അതിനാല്‍ പൊഴിയില്‍ വെള്ളമുണ്ട്. ഇതിൽ ചെള്ളി നിറഞ്ഞുകിടക്കുന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതറിയാതെ കുട്ടികള്‍ തീരത്ത് കളിക്കുന്നതിനിടെ അപകടം സംഭവിച്ചതെന്നാണ് വിവരം.
ഓടാപ്പൊഴി നിറഞ്ഞതിനാൽ കഴിഞ്ഞദിവസം പൊഴി മുറിച്ച് കടലിലേക്ക് നീരൊഴുക്കിയിരുന്നു. ഈ ഒഴുക്കിൽ പൊഴിത്തിട്ടയിൽ ബലക്ഷയം സംഭവിച്ചിടത്ത് ചവിട്ടിയപ്പോൾ കുട്ടികൾ വെള്ളത്തിൽ വീണതാകാം എന്നാണ് അനുമാനം.
പൂങ്കാവ് എസ്.സി.എം.വി യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അഭിജിത്. അനഘ നാലിലും പഠിക്കുന്നു. മൂത്ത സഹോദരൻ അജിത് എസ്.എസ്.എൽ.സി കഴിഞ്ഞു. മാതാവ് ആൻ മരിയ (മേരി ഷൈൻ). കുട്ടികളുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലക്ടർ എ. അലക്സാണ്ടർ വീട് സന്ദർശിച്ചു.
സഹോദരങ്ങളുടെ ആകസ്മിക മരണം ഒരു ഗ്രാമത്തെ മുഴുവൻ കണ്ണീരിലാഴ്ത്തി. പുന്നാര മക്കളെ നെഞ്ചോട് ചേർക്കാൻ കഴിയാതെ ഇവരുടെ മാതാവ്. ഇവർ കുവൈത്തിലാണ്. കോവിഡ് മഹാമാരി വന്നശേഷം മക്കളെ നേരിട്ട് കണ്ടിട്ടില്ല.
കുട്ടികളെ കാണാൻ പറ്റാത്ത സങ്കടം ബന്ധുക്കളോടും കുട്ടുകാരോടും ദിവസവും പങ്കുവെക്കാറുണ്ട് ഇവർ. പലതവണ നാട്ടിലെത്താൻ ശ്രമിച്ചിട്ടും അതിനായില്ല. ഇതിനിടെയാണ് പ്രിയപ്പെട്ട മക്കളുടെ ആകസ്മിക വേർപാട്.
എന്നും പലതവണ മക്കളുമായി വീഡിയോ കാൾ നടത്തിയിരുന്ന മാതാവിനെ എങ്ങനെ അറിയിക്കുമെന്ന ചിന്തയാണിപ്പോൾ കുവൈത്തിലെ സുഹൃത്തുക്കൾക്ക്. ഷൈമോളെ നാട്ടിലേക്ക് വിടാൻ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
കുട്ടികളുടെ മരണ വിവരം ഷൈമോളെ അറിയിച്ചിട്ടില്ല. എന്നും മക്കളുമായി കുസൃതിത്തരങ്ങൾ പങ്കിട്ട് ചക്കരയുമ്മ ഫോണിലൂടെ സമ്മാനിക്കുന്ന അമ്മക്ക് മുന്നിൽ നിശ്ചലമായ രണ്ട് ശരീരങ്ങൾ ഷൈമോളുടെ വരവും കാത്ത് കിടക്കുകയാണ്.
ഭാര്യയോടെ എന്ത് പറയുമെന്ന ചിന്തയിൽ മത്സ്യത്തൊഴിലാളിയായ നെപ്പോളിയൻ കരഞ്ഞു കലങ്ങിയ കണ്ണുമായി മോർച്ചറിയുടെ മുന്നിൽ നിൽക്കുന്ന കാഴ്ച ആരുടെയും കരളലിയിപ്പിക്കും. ഇങ്ങനെയൊരു ദുരന്തം ഇതുവരെ തീരദേശത്ത് ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് അമരം സിനിമയുടെ ഭാഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയായിരുന്നു.
കടലിന്‍റെ മക്കളായിരുന്നു അഭിജിത്തും അനഘയും. പിതാവ് നെപ്പോളിയൻ കടലിൽ പൊന്ത് വള്ളത്തിൽ മൽസ്യബന്ധനത്തിന് പോയി തിരികെ കരയിൽ എത്തുമ്പോൾ വല വിരിക്കുവാനും മത്സ്യം പെറുക്കാനും സഹായിച്ചിരുന്ന ഇരുവരും മത്സ്യത്തൊഴിലാളികളുടെ പൊന്നോമനകളായിരുന്നു.
കടലിൽ ചേരുന്ന പൊഴിയുടെ ഭാഗത്ത് മണൽ ഇളകിയ നിലയിലായിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് ഇവർ കരുതുന്നു. സാധാരണ കുട്ടികൾ പൊഴിയിൽ ഇറങ്ങാറില്ല. വെള്ളിയാഴ്ച പതിവ് പോലെ കളിക്കുന്നതിനിടെ പൊഴിയുടെ മറുകരയിൽ പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട് മണ്ണുമാന്തി ഉൾപ്പെടെ നിരവധി യന്ത്രസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കണ്ടപ്പോൾ ഇത് അടുത്തുനിന്നു കാണാനാവും ഇവർപൊഴി കടക്കുവാൻ ഇറങ്ങിയതെന്നാണ് കരുതുന്നത്.
പൊഴിയിലെ മണലിൽ ഇവരുടെ കാല് പുതഞ്ഞുപോയതാകാനാണ് സാധ്യത. കുട്ടികൾ എപ്പോഴും ഇവിടെ കളിക്കുന്നതായതിനാൽ കടപ്പുറത്ത് വിശ്രമിക്കുകയായിരുന്നു മത്സ്യത്തൊഴിലാളികളും സമീപത്തെ വീട്ടുകാരും ശ്രദ്ധിച്ചില്ല. എന്നാൽ, മറ്റു കുട്ടികളുടെ അലമുറ കേട്ടാണ് ഇവരെല്ലാം ഓടിയെത്തിയത്.
വെള്ളത്തിൽ മുങ്ങിത്താണ നിലയിലായിരുന്ന കുട്ടികളെ അധികം വൈകാതെ എടുത്തെങ്കിലും അവശരായിരുന്നതായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അയൽവാസി തുരുത്തേൽവീട്ടിൽ ഇമ്മാനുവൽ ആന്‍റണി പറഞ്ഞു. ഹയർ സെക്കൻഡറി വിദ്യാർഥിയായ ഇമ്മാനുവൽ ഓൺലൈൻ ക്ലാസിൽ ഇരിക്കുമ്പോഴാണ് ബഹളം കേട്ടത്. ഓടിയെത്തിയപ്പോൾ കുട്ടികളെ വെള്ളത്തിൽനിന്ന് പൊക്കിയെടുത്തിരുന്നു. ഉടൻ സുഹൃത്തുക്കളെ വിളിച്ച് വാഹനം വരുത്തി.
പ്രാഥമിക ശുശ്രൂഷകൾ നൽകി വാഹനത്തിൽ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടികളുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി. വിവരമറിഞ്ഞ് അനേകമാളുകളാണ് ഇവരുടെ വീട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.