ഗുരുഗ്രാം: പ്രമുഖ ഹോസ്പിറ്റാലിറ്റി ശൃംഖലയായ 'ഒയോ റൂംസ്' സ്ഥാപകൻ റിതേഷ് അഗർവാളിന്റെ അച്ഛൻ രമേശ് അഗർവാൾ ഫ്‌ളാറ്റിൽനിന്ന് വീണ് മരിച്ചു. ഗുരുഗ്രാമിലെ ഡി.എൽ.എഫ് ഫ്‌ളാറ്റിന്റെ 20-ാം നിലയിൽനിന്ന് താഴേക്ക് വീണാണ് ദാരുണാന്ത്യം. മരണം റിതേഷ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഡി.എൽ.എഫ് ദ ക്രെസ്റ്റ് ഫ്‌ളാറ്റിന്റെ സെക്ടർ 54ലുള്ള ഫ്‌ളാറ്റിൽനിന്നാണ് രമേശ് താഴേക്കു വീണത്. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പൊലീസ് എസ്.എച്ച്.ഒ അടക്കമുള്ള സംഘം എത്തിയാണ് രമേശ് അഗർവാളിനെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനൽകിയതായി പൊലീസ് അറിയിച്ചു.
തങ്ങളുടെ പ്രകാശഗോപുരവും ശക്തിയുമായ പിതാവാണ് വിടവാങ്ങിയിരിക്കുന്നതെന്ന് റിതേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ വേദന നിറഞ്ഞ സമയത്ത് തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ജീവിതം മുഴുവൻ ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നയാളാണ്. ഈ വിയോഗം കുടുംബത്തിന് തീരാനഷ്ടമാണ്. പിതാവിന്റെ അനുകമ്പയും ഊഷ്മളതയുമാണ് പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും ഞങ്ങളെ മുന്നോട്ടുകൊണ്ടുപോയത്.'-റിതേഷ് അഗർവാൾ കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്കുമുൻപാണ് ഡൽഹിയിൽ വലിയ ആഘോഷ പരിപാടികളോടെ റിതേഷിന്റെ വിവാഹം നടന്നത്. ഫാർമേഷൻ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയരക്ടർ ഗീതാൻഷ സൂദ് ആണ് വധു. പേടിഎം സി.ഇ.ഒ വിജയ് ശേഖർ ശർമ, സോഫ്റ്റ്ബാങ്കിന്റെ മസായോഷി സോൺ, ഭാരത്‌പേ സഹസ്ഥാപകൻ ആഷ്‌നീർ ഗ്രോവർ, ഭാരതി എയർടെല്ലിൻ സുനിൽ മിത്തൽ അടക്കം പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.