അപകടത്തിൽ തകർന്ന കാർ, കൗമാരക്കാരൻ ബാറിലിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ 

ഒറ്റവരിപ്പാതയിൽ 200 കി.മീ വേഗം, ആഡംബര കാറിടിച്ച് തൽക്ഷണം മരിച്ചത് രണ്ട് പേർ; കൗമാരക്കാരൻ മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്ത്

മുംബൈ: പുണെയിൽ അമിതവേഗത്തിൽ വന്ന ആഡംബരക്കാർ ഇടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കാറോടിച്ച കൗമാരക്കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം. കൗമാരക്കാരന് സ്റ്റേഷനിൽ പൊലീസ് പിസ്സയും ബിരിയാണിയും വാങ്ങി നൽകിയെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. സമൂഹമാധ്യമങ്ങളിലും വ്യാപക പ്രതിഷേധമാണുയരുന്നത്. പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ ബാറിൽ നിന്ന് മദ്യപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൗമാരക്കാരൻ അമിതവേഗത്തിൽ ഓടിച്ച ആഡംബര കാർ ഇടിച്ച് ബൈക്ക് യാത്രികരായ അനീഷ് അവാഡിയ, അശ്വിനി കോസ്റ്റ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും ടെക് മേഖലയിൽ ജോലിചെയ്യുന്നവരാണ്. ഞായറാഴ്ച പുലർച്ചെ 3.15 ന് പൂണെ കല്യാണി നഗറിലാണ് സംഭവം. പോർഷെ കാർ ഓടിച്ചിരുന്ന 17കാര​​നെ സംഭവസ്ഥലത്തുണ്ടായിരുന്നവർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.


17കാരന്‍റെ പിതാവായ വിശാൽ അഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഔറംഗബാദിൽ നിന്നാണ് പിടികൂടിയത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പറാണ് വിശാൽ അഗർവാൾ. പ്രായപൂർത്തിയാകാത്ത കൗമാരക്കാരന് മദ്യം നൽകിയ ബാറിന്‍റെ ഉടമകളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.


കാറിടിച്ച് കൊല്ലപ്പെട്ട അശ്വിനി കോസ്റ്റ, അനീഷ് അവാഡിയ എന്നിവർ


 

12ാം ക്ലാസ് വിജയിച്ചത് ആഘോഷിച്ച് മടങ്ങുകയായിരുന്നു കൗമാരക്കാരനെന്ന് പുണെ പൊലീസ് കമീഷണർ അമിതേഷ് കുമാർ പറഞ്ഞു. പബ്ബിൽ വെച്ചായിരുന്നു ആഘോഷം. ഇതിനിടെ കൗമാരക്കാരൻ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ കാറുമായി ഇറങ്ങിയതെന്നാണ് നിഗമനം.

അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മനുഷ്യ ജീവൻ അപകടപ്പെടുത്തൽ, മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം യെർവാഡ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ, 14 മണിക്കൂറിനകം ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു. ഭരണപക്ഷത്തുള്ള അജിത് പവാർ വിഭാഗം എൻ.സി.പിയുടെ എം.എൽ.എ കൗമാരക്കാരന് ജാമ്യം കിട്ടാൻ ഇടപെട്ടെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് വിമർശിച്ചു. സ്റ്റേഷനിൽ വെച്ച് പൊലീസുകാർ ഇയാൾക്ക് പിസ്സയും ബർഗറും ബിരിയാണിയും വാങ്ങിനൽകിയെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Pune teen served pizza at police station after Porsche crash, alleges Opposition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.