ഗയ: കണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുംമുമ്പ് വീണ്ടും സമാനരീതിയിൽ ദാരുണ അപകടം. ഇത്തവണ ദമ്പതികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് തീപിടിച്ച് ഭർത്താവിന്റെ കൺമുന്നിൽ യുവതി വെന്തുമരിക്കുകയായിരുന്നു. ബിഹാറിലെ ഗയ ജില്ലയിൽ തികരി-കുർത്തയ്‌ക്ക് റോഡിൽ കൈലാസ് മഠ് ഗ്രാമത്തിന് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടം.
തികരിയിലെ മൗ ഗ്രാമത്തിൽ രാംകുമാറിന്റെ ഭാര്യ സംഗീത ദേവിയാണ് മരിച്ചത്. ജീവൻ പണയംവെച്ച് ഭാര്യയെ രക്ഷിക്കാൻ രാംകുമാർ ശ്രമിച്ചെങ്കിലും കണ്ണൂരിലേതുപോലെ തന്നെ ആളിപ്പടർന്ന തീനാളങ്ങൾക്ക് മുന്നിൽ എല്ലാ ശ്രമങ്ങളും വിഫലമായി. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
കാർ ഗയയിൽ നിന്ന് തികരി-കുർത്ത റോഡ് വഴി മൗവിലേക്ക് പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൈലാസ് മഠിന് സമീപം കലുങ്കിൽ നിന്ന് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് വീണ കാറിന് ഉടൻ തീപിടിച്ചു. കാർ ഓടിച്ചിരുന്ന രാം കുമാർ ഒരു വിധത്തിൽ പുറത്തിറങ്ങിയെങ്കിലും സംഗീത കാറിനുള്ളിൽ അകപ്പെട്ടുപോയി. വാതിൽ ലോക്ക് തുറക്കാനാവാതെ നിലവിളിച്ച ഭാര്യയെ ചില്ല് തകർത്ത് രക്ഷിക്കാൻ രാംകുമാർ ശ്രമിച്ചെങ്കിലും തീയും കനത്ത പുകയും ഉയർന്നതോടെ നിസ്സഹായനായി.
ഇവർ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് തികരിയിൽ നിന്ന് ഫയർ എഞ്ചിൻ എത്തി തീയണച്ചപ്പോൾ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹമാണ് ബാക്കിയുണ്ടായിരുന്നത്. അലമുറയിട്ട് കരഞ്ഞ രാംകുമാറിനെ ആശ്വസിപ്പിക്കാനാകാതെ കൂടിനിന്നവർ ദുഃഖം കടിച്ചമർത്തി.
മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഗയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി തികരി പൊലീസ് ഓഫിസർ ശ്രീറാം ചൗധരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.