വാടാനപ്പള്ളി: ചരിത്രകാരനും ഗ്രന്ഥകർത്താവുമായ വേലായുധൻ പണിക്കശ്ശേരി (90) നിര്യാതനായി. അവസാന കാലത്തും എഴുത്ത് തുടർന്നിരുന്നു. സാംസ്കാരിക രംഗത്തും സജീവമായുണ്ടായിരുന്ന അദ്ദേഹം ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ ചെയർമാനായിരുന്നു.
1934 മാർച്ച് 30നാണ് ജനനം. 1956ൽ മലബാർ ലോക്കൽ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂർ ബ്രാഞ്ച് ലൈബ്രറിയിൽ ലൈബ്രേറിയനായി ജോലിയിൽ പ്രവേശിച്ച വേലായുധൻ പണിക്കശ്ശേരി 1991ൽ അവിടെ നിന്ന് വിരമിച്ചു.
ചരിത്രഗവേഷണം, ജീവചരിത്രം, തൂലികാചിത്രം, ബാലസാഹിത്യം, ഫോക്‌ലോർ, ആരോഗ്യം എന്നീ വിഭാഗങ്ങളിലായി അറുപതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗവേഷണത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും സമഗ്രസംഭാവനയ്ക്ക് കേരളസാഹിത്യ അക്കാദമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. വി.എസ്. കേരളീയൻ അവാർഡും പി.എ. സെയ്ദ് മുഹമ്മദ് സ്മാരക അവാർഡ്, എൻ.കെ. ഫൗണ്ടേഷൻ അവാർഡ്, ചരിത്രപഠന കേന്ദ്രം അവാർഡ് തുടങ്ങി ഒട്ടേറെ ബഹുമതികൾക്ക് അർഹനായി.
ചരിത്രപരമായ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പോർച്ചുഗീസ്-ഡച്ച് ആധിപത്യം കേരളത്തിൽ, സഞ്ചാരികൾ കണ്ട കേരളം, ചരിത്രത്തിന്റെ പ്രഭാതകിരണങ്ങൾ, കേരളചരിത്രപഠനങ്ങൾ, അൽ ഇദ്‌രീസിയുടെ ഇന്ത്യ, മാർക്കോപോളോ ഇന്ത്യയിൽ, ഇബ്‌നുബത്തൂത്ത കണ്ട ഇന്ത്യ, കേരളം അറുനൂറുകൊല്ലം മുമ്പ്, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ, കേരളം പെരുമാക്കന്മാരുടെ കാലത്ത്, കേരളോല്പത്തി കേരള ചരിത്രം, സഞ്ചാരികളും ചരിത്രകാരന്മാരും ( 3 ഭാഗങ്ങൾ), അന്വേഷണം ആസ്വാദനം വിക്രമോർവ്വശീയം (വ്യാഖ്യാനം), കാരൂർ മുതൽ കോവിലൻ വരെ, ഡോക്ടർ പല്പു, അയ്യങ്കാളി മുതൽ വി.ടി വരെ, വൈദ്യരുടെ കഥ, ആയിരം കടങ്കഥകൾ, പതിനായിരം പഴഞ്ചൊല്ലുകൾ, കുട്ടികളുടെ പര്യായനിഘണ്ടു, കുട്ടികളുടെ ശൈലീനിഘണ്ടു, അവലംബം, സ്നേഹാദരം തുടങ്ങിയവയാണ് പുസ്തകങ്ങൾ.
ചേറ്റുവയുടെ ചരിത്രത്തെക്കുറിച്ച് ചരിത്രമുറങ്ങുന്ന ചേറ്റുവായും ചേറ്റുവ പരീക്കുട്ടിയും എന്ന പുസ്തകമാണ് അവസാനമായി എഴുതിയത്. ഭാര്യ ലീല ടീച്ചർ (റിട്ട: അധ്യാപിക ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂൾ). മക്കൾ: ഡോ. ഷാജി, ചിന്ത രാജാറാം, വീണ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.