പയ്യന്നൂർ: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര വൈസ് ചാൻസലർ. കൈവെച്ച മേഖലയിലെല്ലാം ചരിത്രമെഴുതി ഉയരങ്ങളിലേക്ക്. എന്നാൽ, ചെറുപ്രായത്തിൽ സ്വപ്നം പോലും കാണാൻ കഴിയാത്ത ഉയരങ്ങൾ താണ്ടാൻ ഇനി ഈ അധ്യാപകനില്ല. പാണപ്പുഴയിലെ മേലത്ത് ഹരികൃഷ്ണനാണ് അകാലത്തിൽ വിടവാങ്ങിയത്.
ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി ഏവിയേഷൻ സർവകലാശാല വൈസ് ചാൻസലർ പാണപ്പുഴയിലെ മേലത്ത് ഹരികൃഷ്ണൻ (46) വിടവാങ്ങിയപ്പോൾ നഷ്ടം കുടുംബത്തിനും ഗ്രാമത്തിനും മാത്രമല്ല, ഭാരതത്തിന്റെ വൈജ്ഞാനിക മേഖലക്കുകൂടിയാണ്. മാതമംഗലത്തിനടുത്ത പാണപ്പുഴയിലെ പരേതനായ കേണൽ ഇ.കെ.ബി. നമ്പ്യാരുടെയും ജയലക്ഷ്മി ഭാസ്കറിന്റെയും മകനാണ് ഹരികൃഷ്ണൻ. നേരത്തെ ജി.എം.ആറിൽ വിമാനത്താവള ഓപറേഷൻസ് ട്രെയിനിങ് വിഭാഗം മേധാവിയായിരുന്ന ഇദ്ദേഹം 46ാം വയസ്സിലാണ് രാജീവ് ഗാന്ധി ഏവിയേഷൻ സർവകലാശാല നയിക്കാൻ നിയുക്തനാവുന്നത്. വൈസ് ചാൻസലറായി ചുമതലയേറ്റ് ഒരുമാസം തികയുമ്പോഴേക്കാണ് ഹരികൃഷ്ണനെ വിധി തട്ടിയെടുത്തത്.
വ്യോമ, നാവിക മേഖലകളിൽ രണ്ടുപതിറ്റാണ്ടിലേറെ പരിചയമുള്ള ഇദ്ദേഹം യു.കെ.യിൽനിന്നാണ് മാനേജ്മെന്റ് ബിരുദം നേടിയത്. മറ്റ് പഠനങ്ങളെല്ലാം കേരളത്തിന് പുറത്തായിരുന്നു. കേന്ദ്ര സർവകലാശാലകളിലെ പ്രായം കുറഞ്ഞ വി.സിമാരിൽ ഒരാളായിരുന്നു എന്ന ചരിത്രത്തിന് കൂടിയാണ് അന്ത്യമായത്. ബംഗളൂരുവിലായിരുന്നു താമസം. ഭാര്യ: രേണു. മക്കൾ: ഏഡൻ, അക്ഷം, അനാമിത്ര.സഹോദരി: വിനയ കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച ബംഗളൂരുവിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.