വിരാജ്പേട്ട: കാലവർഷം ശക്തമായതോടെ കർണാടകയിലെ വിവിധ ജില്ലകളിൽ വ്യാപക നാശം. കുടക് ജില്ലയിലാണ് കനത്ത നാശമുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളിൽ നേരിയ തോതിലുള്ള മണ്ണിടിച്ചിലുകളുണ്ടായി. ഒഴുക്കിൽപെട്ട് 70കാരൻ മരിച്ചു. മടിക്കേരി താലൂക്കിലെ ആവന്ദൂർ ഗ്രാമത്തിലെ ബാബി ചിനപ്പ (70) ആണ് മരിച്ചത്. വീടിനു സമീപം കരകവിഞ്ഞൊഴുകിയ പുഴയിലാണ് ഇദ്ദേഹം ഒഴുക്കിൽപ്പെട്ടത്.
ബുധനാഴ്ച വൈകീട്ട് മുതൽ എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനൊടുവിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ മുതൽ കുടക് ജില്ലയിൽ ആരംഭിച്ച ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. മടിക്കേരി-മംഗളൂരു ദേശീയപാത 275ൽ മണ്ണിടിഞ്ഞു. റോഡ് അറ്റകുറ്റപ്പണി വൈകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ. മതിൽകെട്ടി സംരക്ഷിച്ച സ്ഥലത്താണ് മണ്ണിടിഞ്ഞത്. മടിക്കേരിയിലെ ആകാശവാണിയുടെ ടവറും മണ്ണിടിച്ചിലിനെ തുടർന്ന് അപകടഭീഷണിയിലായി.
ഏറെ കാലപ്പഴക്കം ചെന്ന ടവറാണിത്. ഹാരംഗി അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെ നാലു ഷട്ടറുകൾ തുറന്നു. ഭാഗമണ്ഡലയിൽ കാവേരി നദിയുെട ജലനിരപ്പ് ഉയർന്നു. ഭാഗമണ്ഡലയിലെ ത്രീവേണി സംഗമത്തിലെ പടിക്കെട്ടുകളിൽ ഉൾപ്പെടെ വെള്ളം കയറി. തലക്കാവേരിയിൽ 140 മില്ലി മീറ്റർ മഴയാണ് ബുധനാഴ്ച ലഭിച്ചത്. ഭാഗമണ്ഡലയിൽ 103 മില്ലി മീറ്റർ മഴയും ലഭിച്ചു. മടിക്കേരി ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ കോളജിന് സമീപം മരം കടപുഴകി വൈദ്യുതി തൂണുകൾ തകർന്നു. നിരവധിയിടങ്ങളിലെ വൈദ്യുതി തൂണുകളും തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.