കാസർകോട്: ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി സ്വകാര്യ പങ്കാളിത്തത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതിയിൽ മൊഗ്രാൽ ബീച്ചിനെയും ഉൾപ്പെടുത്തണമെന്നാവശ്യം സജീവമായി. ഈ ആവശ്യമുന്നയിച്ച് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് നിവേദനം നൽകി.
വിനോദസഞ്ചാര മേഖലയിൽ ഏറെ സാധ്യത കൽപ്പിക്കുന്ന പ്രദേശമാണ് കുമ്പള ഗ്രാമപഞ്ചായത്തിലെ മൊഗ്രാൽ തീരം. ഇവിടങ്ങളിൽ ഇതിനകം തന്നെ സ്വകാര്യ പങ്കാളിത്തത്തോടെയുള്ള റിസോർട്ടുകൾ വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. സ്വിമ്മിങ് പൂൾ ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ പൂർത്തിയായും വരുന്നു. രണ്ടുവർഷം മുമ്പ് ഇവിടെ നാട്ടുകാർ സംഘടിച്ച് ‘ബീച്ച് ഫെസ്റ്റിവൽ’ സംഘടിപ്പിച്ചിരുന്നു. വൻ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായിരുന്നു.
മാത്രവുമല്ല, വിശാലമായ തീരത്തിരുന്ന് കടലിന്റെ സൗന്ദര്യം ആസ്വദിക്കാനും, ഉദയാസ്തമനം കാണാനുമായി ഒഴിവു ദിവസങ്ങളിൽ കുടുംബസമേതം നിരവധി പേരാണ് മൊഗ്രാൽ തീരത്ത് എത്തുന്നത്.
വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു. ഈ സാഹചര്യത്തിൽ ടൂറിസം ഹബ്ബ് പദ്ധതിയിൽ മൊഗ്രാൽ തീരത്തെ കൂടി പരിഗണിച്ചാൽ സ്വകാര്യ പങ്കാളിത്തത്തോടെ തന്നെ ടൂറിസം വികസനം സാധ്യമാകുമെന്നും റിയാസ് മൊഗ്രാൽ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.