തൃശൂർ: ഗാനരചയിതാവ് ജി.കെ. പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു. 60 ഓളം നാടകങ്ങൾക്കും 10 സിനിമകൾക്കും ഗാനം രചിച്ചിട്ടുണ്ട്. തൃശൂർ പള്ളത്തുവീട്ടിൽ നാരായണൻ നായരുടെയും അമ്മിണിയമ്മയുടെയും മകനാണ്, പി. ഗോവിന്ദൻകുട്ടിയെന്ന ജി കെ പള്ളത്ത്.
1958 ൽ തൃശൂരിൽ നടന്ന കമ്മ്യൂണിസ്റ്റുപാർട്ടി പ്ലീനത്തിൽ അവതരിപ്പിക്കാൻ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോർജും സുലോചനയും ചേർന്നാലപിച്ച "രക്തത്തിരകൾ നീന്തിവരും"എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. 1978 ല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി. ജയചന്ദ്രന്‍ ആലപിച്ച 'കാറ്റ് വന്നു നിന്റെ കാമുകന്‍ വന്നു' എന്ന ഹിറ്റ് ഗാനം എഴുതിക്കൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം.
കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താൽപ്പര്യം. ഏഴാംക്ലാസ്സ് മുതൽ കവിതകൾ എഴുതിത്തുടങ്ങി. എട്ടാംക്ലാസിൽ പഠിക്കുമ്പോൾ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ജി.കെ.യുടെ കവിതകൾ അച്ചടിച്ചുവന്നു.
പിന്നീട് അമച്വർ നാടകങ്ങൾക്കും ബാലെകൾക്കും ഗാനങ്ങളെഴുതിക്കൊണ്ട് അദ്ദേഹം കലാരംഗത്തേക്ക് കടന്നു. നാടകരചനയിലേക്ക് ശ്രദ്ധതിരിച്ച ജി.കെ.പള്ളത്ത് ധൂർത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വർ നാടകങ്ങളെഴുതി. അവ വലിയ വിജയങ്ങളായതോടെ പ്രൊഫഷണൽ രംഗത്തേക്ക് തിരിഞ്ഞു. എൽ.പി.ആർ.വർമ്മ, എം.കെ.അർജ്ജുനൻ, കോട്ടയം ജോയി തുടങ്ങിയവരുടെ സംഗീതത്തിൽ അനേകം നാടകങ്ങൾക്കുവേണ്ടി ഗാനങ്ങളെഴുതി.
സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. ഭാര്യ: എൻ. രാജലക്ഷ്‍മി. മക്കൾ : നയന (യു.കെ) സുഹാസ്, രാധിക ച്രിക്കാഗോ). മരുമക്കൾ: പ്രദീപ് ചന്ദ്രൻ, സുനീഷ് മേനോൻ, ശ്രീലത മേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.