കണ്ണൂർ: കണ്ണൂരിലെ സാമൂഹിക- സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ ആറു പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്നു വിടപറഞ്ഞ അഡ്വ. പി. മുസ്തഫ. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസ രംഗത്തെ ചേർത്തും വളർത്തിയും മുന്നോട്ടുകൊണ്ടുപോകുന്നതിന് കണ്ണൂരിലും പരിസരത്തും സ്ഥാപനങ്ങളും സംരംഭങ്ങളും കെട്ടിപ്പടുക്കാൻ മുന്നിൽനിന്നു.

എം.ഇ.എസ് ജില്ല സ്ഥാപകനേതാവായ അദ്ദേഹം ദീർഘകാലം ജില്ല സെക്രട്ടറി, പ്രസിഡന്റ്, എം.ഇ.എസ് ബാവ റെസിഡൻഷ്യൽ സ്കൂൾ ചെയർമാൻ പദവി എന്നിവ അലങ്കരിച്ചു. കണ്ണൂർ ബാറിലെ ആദ്യകാല അഭിഭാഷകനുമായിരുന്നു.

പഠനകാലത്ത് എ.ഐ.എസ്.എഫിലൂടെ വളർന്ന് കണ്ണൂരിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ (പി.എസ്.പി) നേതാവായി പ്രവർത്തിച്ച അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്ന് പിൽക്കാലത്ത് വിരമിച്ചെങ്കിലും സാമൂഹിക സേവനരംഗത്ത് പ്രവർത്തനം തുടർന്നു. കോമൺ വെൽത്ത് യൂനിയൻ, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്റ്റാഫ് യൂനിയൻ, കണ്ണൂർ സ്പിന്നിങ് മിൽ വർക്കേഴ്സ് യൂനിയൻ, കോഓപറേറ്റിവ് സ്പിന്നിങ് മിൽ സ്റ്റാഫ് യൂനിയൻ തുടങ്ങി നിരവധി തൊഴിലാളി യൂനിയനുകളുടെ സാരഥ്യംവഹിച്ചെങ്കിലും 1964ൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച് സാമൂഹികരംഗത്തും അഭിഭാഷകവൃത്തിയിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്നു. ജില്ല ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ ആരംഭകാലം മുതൽ ആജീവനാന്ത അംഗം, സലഫി ട്രസ്റ്റ് ചെയർമാൻ, സലഫി ബി.ഇ.എഡ് കോളജ്, സീനിയർ സെക്കൻഡറി സ്കൂൾ, സലഫി എജുക്കേഷനൽ ട്രസ്റ്റ് എന്നീ സ്ഥാപനങ്ങളുടെയും നിരവധി സംഘടനകളുടെയും ഭാരവാഹിയായിരുന്നു. പഠനം 1952-56ൽ ബ്രണ്ണൻ കോളജിൽ ഡിഗ്രിയും 1954-56 കാലത്ത് മദിരാശി ലോ കോളജിലും പഠനം നടത്തി.

താണ സകരിയ്യ മസ്ജിദും മുനീറുൽ ഇസ്‍ലാം സംഘവുമായി ബന്ധപ്പെട്ടാണ് പ്രദേശത്തെ മുസ് ലിം കൂട്ടായ്മയെ ഏകോപിപ്പിക്കാൻ കഠിനാധ്വാനം ചെയ്തത്.

സലഫി പ്രസ്ഥാനത്തിന്റെ എല്ലാ നവോത്ഥാന സംരംഭങ്ങളുടെയും തലപ്പത്തിരുന്നുകൊണ്ടുതന്നെ അദ്ദേഹം ഇതരവീക്ഷണങ്ങളോടും സംരംഭങ്ങളോടും ഏറെ കൈകോർത്തു. ശാന്തശീലമായ പെരുമാറ്റവും കണിശമായ വീക്ഷണവുംകൊണ്ട് സമൂഹത്തെ മുന്നോട്ടുപോകുന്നതിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്ന വ്യക്തിയായിരുന്നു വിടപറഞ്ഞ പി. മുസ്തഫ. ചൊവ്വാഴ്ച നടന്ന അനുസ്മരണ യോഗത്തിൽ വിവിധ സംഘടനാനേതാക്കൾ അനുശോചിച്ചു.

Tags:    
News Summary - advocate P. musthafa passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.