പ്രശസ്ത കവി വിജയലക്ഷ്മിയുടെ വരികളാണ്. ഏറ്റവും പ്രിയപ്പെട്ടത്. അതുപോലെ പ്രിയപ്പെട്ടൊരാളായിരുന്നു റിയാദിലെ പൊതുപ്രവർത്തകനായിരുന്ന സത്താർ കായംകുളം. ‘ഡീ കൊച്ചുമോളേ, ഈയാളെ നിനക്കറിയാമോ?’ ഇങ്ങനൊരു ചോദ്യമാകും നേരിലായാലും മെസേജ് വഴിയായാലും മിക്കപ്പോഴും പ്രിയപ്പെട്ട സത്താർക്കയിൽനിന്ന് കിട്ടുക.
പ്രവാസികൾക്ക് ചിരപരിചിതനായ സാമൂഹികസേവകനോ രാഷ്ട്രീയക്കാരനോ ജീവകാരുണ്യപ്രവർത്തകനോ ആയൊരു സത്താറിക്കയെക്കുറിച്ചല്ല ഓർക്കാനുള്ളത്. രക്തബന്ധുത്വത്തിലുപരി സ്നേഹബന്ധവും പരിഗണനയുംകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തിയ പച്ചയായൊരു മനുഷ്യനെക്കുറിച്ചാണ്.
ഒരു മനുഷ്യനെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നതൊരു വലിയ ചോദ്യമാണ്. ആ മനുഷ്യൻ നമ്മോട് എങ്ങനെ എന്നതിൽനിന്നാണ് അത് ഉരുവപ്പെടേണ്ടത്. അങ്ങനെ ഓർക്കുമ്പോൾ തലമുതിർന്ന ഒരു കാരണവരും ഉപ്പയുടെ വാത്സല്യം പകർന്നുതന്ന മനുഷ്യനുമാണ് സത്താർക്ക.
ഊർജസ്വലനായ ഒരു മനുഷ്യസ്നേഹിയാണ് ഇടക്കുവെച്ച് യാത്ര മതിയാകാത്തപോലെ ഇറങ്ങിപ്പോയത്. റിയാദിലെ പ്രവാസി കൂട്ടായ്മകൾക്കിടയിലെ സ്വന്തബന്ധങ്ങളെ വേർതിരിച്ചു പറഞ്ഞു മനസ്സിലാക്കിത്തരിക എന്നത് സ്വന്തം ഉത്തരവാദിത്തംപോലെയാണ് സത്താർക്ക ചെയ്തിരുന്നത്.
നാട്ടിലൊരു മരണം നടന്നാൽ ആ വാർത്ത അറിയിക്കുന്നതിനൊപ്പം അവരുമായുള്ള ബന്ധത്തെയും ഉണർത്തും. ഏതൊരു കൂട്ടായ്മയിലും എല്ലാവർക്കും എന്നെയും കുടുംബത്തെയും പരിചയപ്പെടുത്തുന്നത് സ്വന്തം അവകാശംപോലെയായിരുന്നു സത്താർക്കക്ക്.
ഇതെനിക്ക് മാത്രമുള്ള അനുഭവമല്ല. ബന്ധങ്ങളുടെ കലയാണ് ആത്മീയത എന്നുറച്ചു വിശ്വസിക്കുന്ന എനിക്ക് സത്താർക്കയിലെ ആ സ്വത്വഗുണം അദ്ദേഹത്തോടുള്ള ബഹുമാനത്തെ നാൾക്കുനാൾ വർധിപ്പിച്ചിരുന്നു. എന്റെ ഉപ്പ മരണപ്പെട്ട നാളിൽ അദ്ദേഹത്തിൽനിന്നുണ്ടായ നെഞ്ചുനീറിയ സ്നേഹാന്വേഷണങ്ങളും സമാശ്വാസവും മറക്കാൻ കഴിയാത്ത അനുഭവമാണ്. ഹൃദയംതൊട്ട് ഉപ്പായെക്കുറിച്ച് സത്താർക്ക എഴുതിയ കുറിപ്പ് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ ഇടപെടലുകൾക്കുപരി നിലപാടും മനുഷ്യത്വവുമാണ് സത്താർക്ക എന്ന മനുഷ്യസ്നേഹിയെ വേറിട്ട് നിർത്തിയ ഘടകം.
റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ എന്റെ ആദ്യ പുസ്തകപ്രകാശനം നടന്നപ്പോൾ തുടർന്നുള്ള പരിപാടികൾ നടത്തേണ്ടത് ഞങ്ങളല്ലേ എന്ന ചോദ്യത്തോടൊപ്പം ഓർത്തുവെക്കാനായുള്ള റിയാദിലെ കായംകുളം കൂട്ടായ്മയായ ‘കൃപ’യുടെ ആദരവും അതിനുള്ള അദ്ദേഹത്തിന്റെ നേതൃപ്രവർത്തനവും മറക്കാൻ കഴിയില്ല.
ഞങ്ങളുടെ മക്കളോട് അദ്ദേഹം പുലർത്തിയിരുന്ന വാത്സല്യവും അടുപ്പവുമാണ് അസുഖബാധിതനായ നാൾമുതൽ ആ പ്രാണന്റെ സ്ഥിരതക്കുവേണ്ടി കുഞ്ഞുങ്ങൾ തോരാതെ പ്രാർഥിക്കുന്നതിനുള്ള കാരണവും.
അസുഖത്തിനടിപ്പെട്ടു ആശുപത്രി കിടക്കയിലായ ഇക്കയെ കാണാൻ ഏറെ വേദനയോടെയാണ് പോയത്. ഒരു വിളിയിലോ സ്പർശത്തിലോ തിരിച്ചറിയലിന്റെ പിടിവള്ളിയിൽ തൂങ്ങി തിരികെ വന്നാലോ എന്നത് ഉള്ളുലയുന്ന പ്രാർഥനയായിരുന്നു.
നാൾക്കുനാൾ ആ പ്രതീക്ഷ ഏറിയും വന്നിരുന്നു. എന്നാൽ എല്ലാവരെയും നിരാശയിലാഴ്ത്തി കഴിഞ്ഞ നവംബർ 15ന് അദ്ദേഹം നാഥനിലേക്ക് യാത്രയായി. ആ ആത്മാവിനു നിത്യ ശാന്തിയും കുടുംബത്തിന് സമാധാനവും ഉണ്ടാകട്ടെ.
ജനിക്കുമ്പോൾ കോരിയെടുക്കാനും മരണപ്പെടുമ്പോൾ മറമാടാനും മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്ന വെറും മനുഷ്യരാണ് നമ്മളെല്ലാം. മാത്സര്യങ്ങൾക്കുപരി മമതയോടെയും സഹാനുഭൂതിയോടെയും ചുറ്റുമുള്ള മനുഷ്യരെ മൂല്യമറിഞ്ഞു ചേർത്തുപിടിക്കുന്നവരാകാൻ നമുക്ക് കഴിയട്ടെ.
പക്ഷാഘാതം അദ്ദേഹത്തെ വീഴ്ത്തി ആശുപത്രി കിടക്കയിലാക്കിയ നാൾ മുതൽ മരണാനന്തരനടപടികൾ കഴിഞ്ഞും നിസ്വാർഥമായി സത്താർക്കയുടെ കാര്യങ്ങളിൽ കൂടെനിന്ന എത്രയോ മനുഷ്യർ. അവരോടൊക്കെ ഒന്നേ പറയാനുള്ളൂ, മനുഷ്യരൂപത്തിൽ സഹായവുമായി ഓടിനടക്കുന്ന നിങ്ങളെപ്പോലെയുള്ള മനുഷ്യർ ഇല്ലെങ്കിൽ ഈ ലോകത്തിൽ എന്നേ നന്മ വറ്റിപ്പോയേനെ. നന്ദി, ജനിച്ചതിനും നിലനിൽക്കുന്നതിനും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.